ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ വിവാഹിതയാവുന്നു!!

ഭരണ നിപുണതകൊണ്ട് ആഗോളതലത്തില്‍ ഏറെ ശ്രദ്ധ നേടിയ നേതാവാണ്‌ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേണ്‍...  

Last Updated : May 3, 2019, 02:55 PM IST
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ വിവാഹിതയാവുന്നു!!

വെല്ലിംഗ്ടണ്‍: ഭരണ നിപുണതകൊണ്ട് ആഗോളതലത്തില്‍ ഏറെ ശ്രദ്ധ നേടിയ നേതാവാണ്‌ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേണ്‍...  

അടുത്തിടെ ന്യൂസിലാന്‍ഡില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അവര്‍ നടത്തിയ "രാജ്യം കൊലയാളികള്‍ക്കൊപ്പമല്ല, കൊല്ലപ്പെട്ടവര്‍ക്കൊപ്പമെന്ന" പ്രസ്താവന ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒപ്പം പൊതുവേദിയില്‍ ഹിജാബ് ധരിച്ച് മുസ്ലിം സമുദായത്തോടുള്ള തന്‍റെ ബഹുമാനവും അവര്‍ പ്രകടമാക്കി. 

എന്നാല്‍ ഇപ്പോള്‍ ഈ നേതാവ് ലോകശ്രദ്ധ നേടിയിരിക്കുന്നത് മറ്റൊരു കാര്യത്തിലാണ്. മറ്റൊന്നുമല്ല, അവരുടെ വിവാഹം തന്നെ... ജെസീന്തയും കാമുകന്‍ ക്ലാര്‍ക്ക് ഗേഫോഡും ഉടന്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. ഈസ്റ്റര്‍ അവധിക്ക് ഇരുവരും തമ്മിലുള്ള എന്‍ഗേജ്മെന്‍റ് കഴിഞ്ഞതായും ഉടന്‍ വിവാഹമുണ്ടാകുമെന്നുമാണ് ഇരുവരുടെയും വക്താവ് പറഞ്ഞത്. 2012ലാണ് ജെസീന്തയും കാമുകന്‍ ക്ലാര്‍ക്ക് ഗേഫോഡും തമ്മില്‍ കണ്ടുമുട്ടുന്നത്.  

ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവര്‍ക്കും ഒരു മകളുണ്ട്, നെവെ തെ അറോഹ. ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവര്‍ക്കും പെണ്‍കുട്ടി പിറന്നത്. കുട്ടിയുടെ ജനനം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അധികാരത്തിലിരിക്കെ അമ്മയായ രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ജെസീന്ത. അതേസമയം ജോലിതിരക്കുകള്‍ക്കിടയിലും മകളെ പരിപാലിച്ച് വീട്ടില്‍ തന്നെയായിരുന്നു ക്ലാര്‍ക്ക്. 

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയ്ക്ക് ശേഷം പ്രധാനമന്ത്രിയായിരിക്കെ കുഞ്ഞിന് ജന്മം നല്‍കുന്നയാളാണ് ജസീന്ത. ഒപ്പം ന്യൂസിലാന്‍ഡിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുംകൂടിയാണ് ജസീന്ത. മൂന്നുമാസം പ്രായമുള്ളപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലെത്തി ന്യൂസിലന്‍ഡിലെ 'പ്രഥമ ശിശു'വും ചരിത്രം സൃഷ്ടിച്ചിരുന്നു. 

More Stories

Trending News