close

News WrapGet Handpicked Stories from our editors directly to your mailbox

കണ്ടിട്ടും കണ്ടതായി നടിക്കാതെ മോദിയും ഇമ്രാന്‍ ഖാനും!!

പരസ്പരം മിണ്ടാതെ, കൈകൊടുക്കാതെ രണ്ട് രാഷ്ട്രനേതാക്കള്‍.. ഇന്ത്യ-പാക് അസ്വാരസ്യം ഷാങ്ഹായ് ഉച്ചകൊടിയിലും പ്രകടം!!

Updated: Jun 14, 2019, 01:05 PM IST
കണ്ടിട്ടും കണ്ടതായി നടിക്കാതെ മോദിയും ഇമ്രാന്‍ ഖാനും!!

ബിഷ്കേക്: പരസ്പരം മിണ്ടാതെ, കൈകൊടുക്കാതെ രണ്ട് രാഷ്ട്രനേതാക്കള്‍.. ഇന്ത്യ-പാക് അസ്വാരസ്യം ഷാങ്ഹായ് ഉച്ചകൊടിയിലും പ്രകടം!!

കിര്‍ഗിസ്ഥാനിലെ ബിഷ്കേകില്‍ നടക്കുന്ന ഷാങ്ഹായ് (എസ്.സി.ഒ) ഉച്ചകോടിക്കിടെ തമ്മില്‍ കണ്ടിട്ടും ചര്‍ച്ച നടത്താനോ ഹസ്തദാനം ചെയ്യാനോ കൂട്ടാക്കാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ലോക് രാഷ്ട്രങ്ങളുടെയിടയില്‍ ചര്‍ച്ചാവിഷയമായി.

ഉച്ചകോടിയുടെ ആദ്യ സെഷന് മുന്നോടിയായി നടന്ന ഫോട്ടോ ഷൂട്ടിലും ഇമ്രാന്‍ഖാനെ അഭിവാദ്യം ചെയ്യാന്‍ മോദി തയ്യാറായില്ല. ഇന്നലെ നടന്ന അത്താഴ വിരുന്നിലും ഇരുനേതാക്കളും ഒരുമിച്ച്‌ ഉണ്ടായിരുന്നെങ്കിലും അനൗപചാരിക സൗഹൃദ വിനിമയത്തിന് പോലും തയ്യാറായില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഉച്ചകോടിക്കിടെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നല്‍കിയ വിരുന്നിലാണ് ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്.

അതേസമയം രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിഷയം പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍, ഭീകരവാദത്തിനെതിരെ ഇന്ത്യ മുന്നോട്ട് വച്ച നിലപാടിനെ കുറിച്ച്‌ അഭിപ്രായം പറയാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ രാജ്യാന്തര മധ്യസ്ഥതയില്‍ ചര്‍ച്ചയാകാമെന്ന പാക് നിര്‍ദ്ദേശം ഇന്ത്യക്ക് സ്വീകാര്യമല്ല. പാക്കിസ്ഥാന്‍ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചര്‍ച്ചയില്ലെന്ന് മോദി അറിയിച്ചു. 

പ്രധാനമന്ത്രി നരേന്ദമോദിയും ഇമ്രാൻ ഖാനും ഒന്നിലധികം വേദികളിൽ കണ്ടുമുട്ടുമെങ്കിലും ഔപചാരിക ചർച്ചയുണ്ടാവില്ല. 

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍റെ വ്യോമപാതയിലൂടെയുള്ള യാത്ര മോദി ഒഴിവാക്കിയിരുന്നു. മൂന്നുമണിക്കൂർ കൂടുതൽ യാത്ര ചെയ്താണ് മോദി കിർഗിസ്ഥാനിലെ ബിഷ്കേക്കിൽ എത്തിയത്. പ്രധാനമന്ത്രിയുടെ വിമാനത്തിന് പറക്കാൻ പ്രത്യേക അനുമതി പാക്കിസ്ഥാന്‍ നല്‍കിയിരുന്നുവെങ്കിലും ഒമാൻ വഴി പോയാൽ മതിയെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം.