ആഗോള തലത്തില്‍ എണ്ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്!!

തിങ്കളാഴ്ച എണ്ണവിലയില്‍ പത്തു ശതമാനത്തിലധികത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 

Updated: Sep 16, 2019, 10:19 AM IST
ആഗോള തലത്തില്‍ എണ്ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്!!

സൗദി : ഹൂതി വിമതര്‍ സൗദി അറേബ്യയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുത്തനെ വര്‍ധിച്ചു. 

തിങ്കളാഴ്ച എണ്ണവിലയില്‍ പത്തു ശതമാനത്തിലധികത്തിന്‍റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 28വർഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്.

അസംസ്കൃത എണ്ണവില 20 ശതമാനം വർധിപ്പിച്ച് ബാരലിന് 70 ഡോളർ വരെ ‌എത്തി. 80 ഡോളർ വരെ വില വർധിക്കാന്‍  സാധ്യതയുണ്ട്. 

ഏഷ്യന്‍ വിപണിയില്‍ വെസ്റ്റ് ടെക്‌സാസ് ഇന്‍റര്‍മീഡിയറ്റ് ഇനത്തിലുള്ള അസംസ്‌കൃത എണ്ണവില 10.68 ശതമാനം വര്‍ധിച്ച് വീപ്പയ്ക്ക് 60.71 ഡോളറിലെത്തി.

ബ്രെന്‍റ് ഇനത്തില്‍പ്പെട്ട അസംസ്‌കൃത എണ്ണവില 11.77 ശതമാനം വര്‍ധിച്ച് വീപ്പയ്ക്ക് 67.31 ഡോളറിലും എത്തിയിട്ടുണ്ട്. 

ശനിയാഴ്ച പുലര്‍ച്ചെ നാലോടെ നടന്ന ഡ്രോണ്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം നേരത്തെ ഹൂതികള്‍ ഏറ്റെടുത്തിരുന്നെങ്കിലും ഇതിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു.

ആക്രമണം നടന്ന സൗദിയിലെ അരാംകോയുടെ അബ്‌ഖെയ്ഖിലെയും ഖുറൈസിലേയും കേന്ദ്രങ്ങളില്‍ എണ്ണ ഉല്‍പാദനം നിര്‍ത്തിവെച്ചെന്ന് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറയിച്ചു. 

ഇതോടെ പ്രതിദിന ആഗോള എണ്ണ ഉല്‍പാദനത്തിന്‍റെ ആറു ശതമാനമായ 57 ലക്ഷം ബാരല്‍ എണ്ണയാണ് നഷ്ടമാകുന്നതെന്ന് മന്ത്രി അറിയിച്ചു.

സൗദിയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന കേന്ദ്രങ്ങളായ അരാംകോയില്‍ നടന്ന ഡ്രോണ്‍ ആക്രമണം എണ്ണ ഉത്പാദനത്തെ സാരമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. 

സൗദിയുടെ ആകെ എണ്ണ ഉത്പാദനത്തിന്‍റെ പകുതി കുറയുമെന്നാണ് പുറത്ത് വരുന്ന വിവരം.