ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡില്‍; പ്രധാനമന്ത്രി ഉപയോഗം നിര്‍ത്തി!

കനത്ത മഴയെത്തുടര്‍ന്ന് വിളവെടുപ്പില്‍ ഉണ്ടായ കുറവിനെ തുടര്‍ന്ന്‍ ഇന്ത്യ സെപ്റ്റംബറിലാണ് ഉള്ളിയുടെ കയറ്റുമതിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.  

Ajitha Kumari | Updated: Nov 18, 2019, 12:52 PM IST
ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡില്‍; പ്രധാനമന്ത്രി ഉപയോഗം നിര്‍ത്തി!

ധാക്ക: ഉള്ളിയ്ക്ക് കയറ്റുമതി നിരോധനം ഇന്ത്യ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശില്‍ ഉള്ളി വില കുതിച്ചുയര്‍ന്നു.

ഇതേതുടര്‍ന്ന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന മെനുവില്‍ നിന്നും ഉള്ളി ഒഴിവാക്കിയതായി സൂചന. 

കനത്ത മഴയെത്തുടര്‍ന്ന് വിളവെടുപ്പില്‍ ഉണ്ടായ കുറവിനെ തുടര്‍ന്ന്‍ ഇന്ത്യ സെപ്റ്റംബറിലാണ് ഉള്ളിയുടെ കയറ്റുമതിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ 30 രൂപയില്‍ കിടന്ന ഉള്ളിയാണ് ബംഗ്ലാദേശില്‍ 220 രൂപയിലേയ്ക്ക് കുതിച്ചത്. 

ഇപ്പോള്‍ വിമാനം വഴിയാണ് ഉള്ളി ഇറക്കുമതി ചെയ്യുന്നതെന്നും തന്‍റെ വിഭവങ്ങളില്‍ ഉള്ളിയുടെ ഉപയോഗം നിര്‍ത്തിവെക്കാന്‍ പറഞ്ഞതായും പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഹസന്‍ ജാഹിദ് തുഷര്‍ പറഞ്ഞു. 

മ്യാന്മാര്‍, തുര്‍ക്കി, ഈജിപ്ത്, ചൈന എന്നിവിടങ്ങളില്‍ നിന്നും വിമാന മാര്‍ഗ്ഗമാണ് ഇപ്പോള്‍ ബംഗ്ലാദേശിലേയ്ക്ക് ഉള്ളി എത്തുന്നത്. 

എന്തായാലും ഉള്ളിയ്ക്ക് വേണ്ടി ക്യൂനിന്നിട്ടും കിട്ടാത്ത അവസ്ഥയാണ് ഇപ്പോള്‍.  അതുകൊണ്ടുതന്നെ ഇതിനെയൊരു രാഷ്ട്രീയ വിഷയമായി പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്.