വിമാനം തകരാറിലായതല്ല; സൗദി തിരിച്ചു വിളിച്ചതാണ്!

ഐക്യരാഷ്ട്രസഭയില്‍ പങ്കെടുക്കാനായി അമേരിക്കയിലേയ്ക്ക് യാത്ര തിരിച്ച ഇമ്രാന്‍ ഖാന്‍ ആദ്യം എത്തിയത് സൗദിയിലായിരുന്നു.   

Last Updated : Oct 7, 2019, 11:13 AM IST
വിമാനം തകരാറിലായതല്ല; സൗദി തിരിച്ചു വിളിച്ചതാണ്!

ഇസ്ലാമാബാദ്: അമേരിക്കയിലേയ്ക്ക് പോകാന്‍ സൗദി രാജകുമാരന്‍ ഇമ്രാന്‍ ഖാന് നല്‍കിയ വിമാനം സന്ദര്‍ശനത്തിനിടെ തിരിച്ചു വിളിച്ചുവെന്ന് പാക്കിസ്ഥാനിലെ പ്രതിവാര മാസിക 'ഫ്രൈഡേ ടൈംസ്‌' റിപ്പോര്‍ട്ട് ചെയ്തു.

ഐക്യരാഷ്ട്രസഭയില്‍ പങ്കെടുക്കാനായി അമേരിക്കയിലേയ്ക്ക് യാത്ര തിരിച്ച ഇമ്രാന്‍ ഖാന്‍ ആദ്യം എത്തിയത് സൗദിയിലായിരുന്നു. 

സൗദി അറേബ്യയില്‍ നിന്നും വാണിജ്യ വിമാനത്തില്‍ അമേരിക്കയിലേയ്ക്ക് പോകാനിരുന്ന ഇമ്രാന്‍ ഖാനെ സൗദി രാജകുമാരന്‍ തടയുകയും ഇമ്രാന്‍ തന്‍റെ പ്രത്യേക അതിഥിയാണെന്നും അതുകൊണ്ട് പ്രത്യേക സ്വകാര്യ വിമാനത്തില്‍ അമരിക്കയിലേയ്ക്ക് പോകണമെന്നും പറഞ്ഞ് തരപ്പെടുത്തികൊടുത്ത വിമാനത്തിലാണ് ഇമ്രാന്‍ ഖാന്‍ അമേരിക്കയിലേയ്ക്ക് പോയത്.

എന്നാല്‍ സന്ദര്‍ശനത്തിന് ശേഷം ഇമ്രാന്‍ തിരിച്ചുവന്നത് വാണിജ്യ വിമാനത്തിലായിരുന്നു. വിമാനത്തിന് സാങ്കേതിക പ്രശങ്ങളുണ്ടെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഇത് തെറ്റാണെന്നും വിമാനത്തിന് ഒരു തകരാറും ഇല്ലായിരുന്നുവെന്നും സൗദി രാജാവിന്‍റെ അതൃപ്തിയാണ് ഇതിന് കാരണമെന്നും പാക്‌ മാസിക വ്യക്തമാക്കി.

ഐക്യരാഷ്ടസഭയുടെ സമ്മേളനത്തില്‍ ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ തീരുമാനിച്ചതിലെ അതൃപ്തി സൗദി പ്രകടമാക്കിയിരുന്നുവെന്നും ഇമ്രാന്‍റെ വസ്തുതാ വിരുദ്ധമായ പ്രസ്താവനകളെ പിന്തുണയ്ക്കാന്‍ മലേഷ്യയേയും തുര്‍ക്കിയും കൂട്ടുപിടിച്ചതും സൗദി രാജകുമാരന് രസിച്ചിട്ടില്ലയെന്നും വാരിക ചൂണ്ടിക്കാട്ടി.

ഇന്ത്യ-അമേരിക്ക ബന്ധത്തിന്‍റെ ശക്തിയും അമേരിക്കയുമായി സൗദിക്കുള്ള ശക്തമായ ബന്ധവുമാണ് ഇതിന് കാരണമായതെന്നാണ് മാസിക ചൂണ്ടിക്കാട്ടുന്നത്.

അതുകൊണ്ടാണ് വിമാനം സൗദി തിരികെ വിളിച്ചതെന്നും മാസിക തെളിവുകള്‍ നിരത്തി വ്യക്തമാക്കി. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും പറഞ്ഞ് പാക്കിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. 

Trending News