പാക്കിസ്ഥാന്‍ അംഗീകരിച്ചു... ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ഭാഗം!!

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ ജമ്മു-കശ്മീർ ഇന്ത്യയിലെ സംസ്ഥാനമായി വിശേഷിപ്പിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി!!

Last Updated : Sep 11, 2019, 05:04 PM IST
പാക്കിസ്ഥാന്‍ അംഗീകരിച്ചു... ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ഭാഗം!!

ജനീവ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച വേളയില്‍  ജമ്മു-കശ്മീരിനെ ഇന്ത്യയിലെ സംസ്ഥാനമായി വിശേഷിപ്പിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി!!

തന്‍റെ പ്രസംഗത്തിലുടനീളം ജമ്മു-കശ്മീരിനുവേണ്ടി വാദിച്ച ഖുറേഷി മാധ്യമപ്രവര്‍ത്തകരോടാണ് ജമ്മു-കശ്മീര്‍ ഇന്ത്യയിലെ സംസ്ഥാനമായി എടുത്തു പറഞ്ഞത്. 

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഖുറേഷി നടത്തിയ പ്രസംഗത്തില്‍ ജമ്മു-കശ്മീരിനുവേണ്ടി നിലപാട് സ്വീകരിക്കണമെന്നും കശ്മീരികൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചു.

ജമ്മു-കശ്മീരില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ക്ക് ഇന്ത്യ തന്നെയാണ് ഉത്തരവാദി എന്ന് പറഞ്ഞ ഖുറേഷി പാക്‌ അധീന കശ്മീരില്‍ നടക്കുന്ന ഷെല്ലാക്രമണങ്ങള്‍ക്കും ഇന്ത്യ തന്നെ കാരണമെന്ന്‍ പറയുകയുണ്ടായി.

കൂടാതെ, ജമ്മു-കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്ന് പ്രസ്താവിച്ച ഖുറേഷി കശ്മീര്‍ വിഷയം അന്താരാഷ്ട്ര വിഷയം തന്നെയെന്ന് സ്ഥാപിക്കാനുള്ള ശ്രമവും നടത്തി.

ജമ്മു-കശ്മീരില്‍ ഇന്ത്യ സുരക്ഷസേനയുടെ എണ്ണം വര്‍ദ്ധിപ്പിച്ചതും പാക്കിസ്ഥാന്‍ ചൂണ്ടിക്കാട്ടി. മുന്‍പ് 7 ലക്ഷമായിരുന്ന സേനാബലം ഇപ്പോള്‍ ‍1 മില്ല്യന്‍ ആണെന്നും ഖുറേഷി പറഞ്ഞു. 

കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയും കശ്മീര്‍ നേതാവ് ഒമര്‍ അബ്ദുള്ളയേയും കൂട്ടുപിടിച്ചായിരുന്നു ഖുറേഷി
തന്‍റെ പ്രസംഗം ആരംഭിച്ചത്. ഇരു നേതാക്കളും കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെ വിമര്‍ശിച്ചതാണ് ഖുറേഷി പരാമര്‍ശ വിഷയമാക്കിയത്. 

ജനീവയില്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ 115 പേജുള്ള പരാതിയാണ് സമര്‍പ്പിച്ചിരിക്കുന്നത്‌. കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പാക്കിസ്ഥാന്‍റെ ഈ നടപടി.

തിങ്കളാഴ്ചയാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്‍റെ 42-ാം സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഈ മാസം 13 വരെയാണ് സമ്മേളനം നടക്കുക.

 

Trending News