close

News WrapGet Handpicked Stories from our editors directly to your mailbox

കുല്‍ഭൂഷന്‍ ജാദവിന് കൗണ്‍സുലര്‍ സഹായത്തിന് അനുമതി നല്‍കുമെന്ന് പാക്കിസ്ഥാന്‍

വിയന്ന കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ എന്തൊക്കെയെന്ന്‍ കുല്‍ഭൂഷനെ അറിയിച്ചതായും പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് അറിയിച്ചു. 

Updated: Jul 19, 2019, 09:52 AM IST
കുല്‍ഭൂഷന്‍ ജാദവിന് കൗണ്‍സുലര്‍ സഹായത്തിന് അനുമതി നല്‍കുമെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമബാദ്: പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്‍റെ സഹായം ലഭ്യമാക്കാന്‍ അനുമതി നല്‍കുമെന്ന് പാക്കിസ്ഥാന്‍.

വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക് സൈനിക കോടതിയുടെ വിധി പുനഃപരിശോധിക്കണമെന്നും ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നുമുള്ള അന്താരാഷ്ട്ര കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

കുല്‍ഭൂഷന്‍ ജാദവിന്‍റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളുകയായിരുന്നു. വധശിക്ഷ നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷന്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇതിന് മുന്നോടിയായി വിയന്ന കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ എന്തൊക്കെയെന്ന്‍ കുല്‍ഭൂഷനെ അറിയിച്ചതായും പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് അറിയിച്ചു.പാക്‌ നിയമങ്ങള്‍ അനുശാസിക്കുന്ന നയതന്ത്രപരമായ സഹായം ജാദവിന് നല്‍കുമെന്ന്‍ ഇന്നലെ രാത്രി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പാക്‌ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

2016 മാര്‍ച്ച്‌ മൂന്നിനാണ് ജാദവിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യക്ക് വേണ്ടി ബലുചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്ന് ആരോപിച്ച് 2017 ഏപ്രിലില്‍ പാക്‌ സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 

ഇതിനെതിരെ മെയ്‌ മാസത്തില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. കുല്‍ഭൂഷണ്‍ ജാദവിനെ ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വധശിക്ഷയെന്ന്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് കോടതി വധശിക്ഷ തടഞ്ഞത്.