പ്രധാനമന്ത്രിയ്ക്ക് ആഗോള ഗോള്‍ കീപ്പര്‍ അവാര്‍ഡ് സമ്മാനിച്ച്‌ ബില്‍ ഗേറ്റ്സ്

അവാര്‍ഡ് സ്വീകരിച്ച പ്രധാനമന്ത്രി ഇത് തന്റെ മാത്രം നേട്ടമല്ലെന്നും സ്വച്ഛ് ഭാരത് ആശയങ്ങളെ ജീവിതചര്യയാക്കി മാറ്റിയ കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ക്കുള്ളതാണ് ഈ പുരസ്കാരമെന്നും പറഞ്ഞു.  

Last Updated : Sep 25, 2019, 09:14 AM IST
പ്രധാനമന്ത്രിയ്ക്ക് ആഗോള ഗോള്‍ കീപ്പര്‍ അവാര്‍ഡ് സമ്മാനിച്ച്‌ ബില്‍ ഗേറ്റ്സ്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗോള്‍ കീപ്പര്‍ അവാര്‍ഡ് സമ്മാനിച്ച്‌ ബില്‍ ഗേറ്റ്സ്. 

സ്വച്ഛ് ഭാരത് മിഷനിലൂടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്കാണ് നരേന്ദ്രമോദിയെ 'ആഗോള ഗോള്‍ കീപ്പര്‍ അവാര്‍ഡ്' നല്‍കി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ആദരിച്ചത്. 

ഐക്യരാഷ്ട്ര പൊതുസഭ(യുഎന്‍ജി)യുടെ സമ്മേളനത്തോടനുബന്ധിച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. അവാര്‍ഡ് സ്വീകരിച്ച പ്രധാനമന്ത്രി ഇത് തന്റെ മാത്രം നേട്ടമല്ലെന്നും സ്വച്ഛ് ഭാരത് ആശയങ്ങളെ ജീവിതചര്യയാക്കി മാറ്റിയ കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ക്കുള്ളതാണ് ഈ പുരസ്കാരമെന്നും പറഞ്ഞു.

സ്വച്ഛ് ഭാരത് മിഷനിലൂടെ ഇന്ത്യയിലും ആഗോളതലത്തിലും ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞുവെന്നും ഇതിനുള്ള പ്രത്യേക അംഗീകാരമാണ് ഗോള്‍ കീപ്പര്‍ പുരസ്‌കാരമെന്നും ഫൗണ്ടേഷന്‍ പറഞ്ഞു. 

സ്വച്ഛ് ഭാരത് ദൗത്യം ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം ജനങ്ങള്‍ക്ക് മതിയായ ശുചിത്വബോധമില്ലായിരുന്നുവെന്നും എന്നാല്‍ മിഷനിലൂടെ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളെയും ശുചിത്വബോധമുളളവരാക്കാന്‍ കഴിഞ്ഞുവെന്നും ഫൗണ്ടേഷന്‍ പറഞ്ഞു.

മാത്രമല്ല ഈ ദൗത്യത്തിലൂടെ ഇന്ത്യയ്ക്ക് ലോക രാജ്യങ്ങള്‍ക്ക് മാതൃകയാകാന്‍ കഴിയുമെന്നും ഫൗണ്ടേഷന്‍ അറിയിച്ചു.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി 2014 ഒക്ടോബര്‍ 2 നാണ് സ്വച്ഛ് ഭാരത് മിഷന്‍ ആദ്യമായി ഇന്ത്യയില്‍ നടപ്പിലാക്കിയത്. 

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ 11 കോടിയിലധികം ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെന്നും നിലവില്‍ 98 ശതമാനം ഗ്രാമങ്ങള്‍ക്കും ഗ്രാമീണ ശുചിത്വ പരിരക്ഷയുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് ഇങ്ങനൊരു പുരസ്‌കാരം ലഭിക്കുന്നത്. ഈ പുരസ്കാരം രാജ്യത്തിനാകെ അഭിമാനമാണെന്ന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. 

Trending News