സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്കു വിട്ടുനല്‍കണമെന്ന് മോദി

ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 

Last Updated : Sep 5, 2019, 02:13 PM IST
സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്കു വിട്ടുനല്‍കണമെന്ന് മോദി

വ്ലാഡിവോസ്റ്റോക്ക്‍: ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 

ഈസ്‌റ്റേണ്‍ എക്‌ണോമിക് ഫോറവുമായി ബന്ധപ്പെട്ട് റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായുളള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വിദേശ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

മോദിയുടെ ആവശ്യത്തോട് മലേഷ്യന്‍ പ്രധാനമന്ത്രി വളരെ പോസിറ്റീവായാണ് പ്രതികരിച്ചതെന്നാണ് സൂചന. നായിക്കിനെ എങ്ങനെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിച്ച് നിയമനടപടികള്‍ക്കു വിധേയനാക്കാമെന്നും ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യുമെന്നും വിദേശ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

വിദ്വേഷ പ്രസംഗങ്ങൾക്ക് പേരുകേട്ട സാക്കിർ നായിക്കിന്‍റെ പേരില്‍ നിരവധി കേസുകളാണ് ഇന്ത്യയിലുള്ളത്.  2017ൽ ഇന്ത്യ അദ്ദേഹത്തിന്‍റെ പാസ്‌പോർട്ട് റദ്ദാക്കുകയും കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

2017ല്‍ ഇന്ത്യയില്‍ നിന്നും പലായനം ചെയ്ത സാക്കിര്‍ നായിക് മലേഷ്യയിലാണ് അഭയം തേടിയത്. അവിടുത്തെ മുന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് സ്ഥിരം പൗരത്വം നല്‍കുകയും ചെയ്തിരുന്നു.

ഭീകരവാദവുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളാണ് സാക്കിര്‍ നായിക്കിനെതിരെയുള്ളത്. 2016 ജൂലൈയില്‍ ധാക്കയിലെ ആര്‍ട്ടിസന്‍ ബേക്കറിയിലുണ്ടായ സ്‌ഫോടനവുമായി സാക്കിര്‍ നായിക്കിന് ബന്ധമുണ്ടെന്ന ആരോപണമുണ്ടായിരുന്നു.

എന്നാല്‍, നായിക്കിനെ ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് ഇപ്പോഴത്തെ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ പൊതു പ്രസംഗങ്ങളില്‍ നിന്നും അദ്ദേഹത്തെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മലേഷ്യന്‍ അധികൃതരുടെ കൃത്യമായ നിരീക്ഷണത്തിലാണ്.

അടുത്തിടെ സാക്കിര്‍ നായിക് വംശീയമായ പരാമര്‍ശം നടത്തിയപ്പോള്‍ സാക്കിര്‍ നായിക്കല്ല മറ്റാരായാലും രാജ്യത്തെ നിയമത്തിന് അതീതനല്ലെന്ന് മലേഷ്യന്‍ ആഭ്യന്തര മന്ത്രി താന്‍ ശ്രീ മുഹൈദിന്‍ യാസിന്‍ പറഞ്ഞിരുന്നു.

Trending News