ഇറാഖ് റസ്റ്ററന്റിൽ ഐഎസ് ചാവേറാക്രമണത്തില്‍ 60 മരണം; 87 പേർക്ക് പരുക്ക്

Updated: Sep 15, 2017, 09:48 AM IST
ഇറാഖ് റസ്റ്ററന്റിൽ ഐഎസ് ചാവേറാക്രമണത്തില്‍ 60 മരണം; 87 പേർക്ക് പരുക്ക്

ബാഗ്ദാദ്∙ തെക്കൻ ഇറാഖിലെ റസ്റ്ററന്റിലും പൊലീസ് ചെക്ക് പോയിന്റിലുമുണ്ടായ ഭീകരാക്രമണത്തിൽ‌ 60 പേരുടെ മരണം രേഖപ്പെടുത്തി. 87 പേർക്ക് പരുക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. പരുക്കേറ്റവരിൽ മിക്കവരും ഗുരുതരാവസ്ഥയിലായതിനാൽ മരണസംഖ്യ ഇനിയും ഏറുമെന്ന് അധികൃതർ അറിയിച്ചു.

ഇറാഖിലെ പ്രധാന എണ്ണ ഉൽപാദന കേന്ദ്രമായ നസിറിയയിലായിരുന്നു ആക്രമണം. റസ്റ്ററന്റിലേക്കു കടന്ന ഭീകരരിൽ നാലു പേർ അകത്തുള്ളവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അതിനിടെ, ശരീരത്തിൽ സ്ഫോടകവസ്തുക്കൾ വച്ചുകെട്ടി അകത്തുകയറിയ ഒരു ചാവേർ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു. ഈ ആക്രമണം കഴിഞ്ഞതിനു പുറകെയാണ് സമീപത്തെ പൊലീസ് ചെക്ക് പോയിന്റിനു നേരെയും ആക്രമണമുണ്ടായത്. തോക്കുധാരികളായ ഭീകരർ ചെക്ക് പോയിന്റിനു നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നാല് ഇറാൻ പൗരന്മാരുമുണ്ടെന്ന് അധികൃതർ അറിയിച്ചു.  രാജ്യത്തെ എണ്ണ ഉൽപാദനം പ്രധാനമായും നസിറിയ കേന്ദ്രീകരിച്ചായതിനാൽ മേഖലയിൽ ഭീകരാക്രമണം കുറവാണ്. അതിനാൽത്തന്നെ ആക്രമണം അധികൃതരിൽ ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.