US Iran Bunker Buster Attack: ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ കേടുപാടുകൾ വരുത്താൻ ബങ്കർ ബസ്റ്റർ ആക്രമണത്തിന് കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയത് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി തന്നെയാണ്.

ന്യൂയോര്‍ക്ക്/ടെഹ്റാന്: അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വിക്ഷേപിക്കുന്നതോടെ ഇറാന്റെ ആണവ പദ്ധതികള്‍ എല്ലാം മുച്ചൂടം നശിക്കും എന്നായിരുന്നു പലരുടേയും പ്രതീക്ഷ. ഇസ്രായേല്‍ പോലും വിശ്വസിച്ചിരുന്നത് അങ്ങനെ തന്നെ ആയിരുന്നു. അതുകൊണ്ടാണ് അവര്‍ അമേരിക്കയുടെ സഹായം തേടിയത്. യുദ്ധത്തില്‍ ഒരുതരത്തിലും പങ്കാളികളല്ലാത്ത അമേരിക്ക ഒടുവില്‍ ഇറാനില്‍ ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് വിമാനങ്ങളുപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വിക്ഷേപിക്കുകയും ചെയ്തു.
എന്നാല്‍, ആ ബോംബുകള്‍ പ്രതീക്ഷിച്ച ഫലം ഒന്നും നല്‍കിയില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫോര്‍ദോ ഉള്‍പ്പെടെയുള്ള ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് വലിയ നാശം സൃഷ്ടിക്കാന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആണവ പദ്ധതിയെ അല്പം വൈകിപ്പിക്കാന്‍ മാത്രമേ ഇതുകൊണ്ട് കഴിഞ്ഞിട്ടുള്ളു.
ഏതെങ്കിലും ഒരു രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ അല്ല ഇത് എന്നതാണ് അമേരിക്കയെ കൂടുതല്‍ അസ്വസ്ഥപ്പെടുത്തുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ പ്രാഥമിക വിലയിരുത്തലില്‍ ആണ് ഇക്കാര്യങ്ങള്‍ ഉള്ളത്. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ തള്ളിക്കളയുകയാണ് ചെയ്യുന്നത്.
ഇറാന്റെ ആണവ പദ്ധതികള്‍ തുടച്ചുനീക്കി എന്ന് വീരസ്യം പറഞ്ഞുകൊണ്ടായിരുന്നു ആക്രമണത്തിന് ശേഷം ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നത്. ഫോര്‍ദോ ആണവ സമ്പുഷ്ടീകരണ കേന്ദ്ര ടെഹ്റാനിലെ മലനിരകള്‍ക്കടിയില്‍ ഏറെ താഴ്ചയില്‍ നിര്‍മിച്ച ഒന്നാണ്. ഇതിനെ ഒരുതരത്തിലും ആക്രമിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആയിരുന്നു ഇസ്രായേല്‍ അമേരിക്കയുടെ സഹായം തേടിയത്. എന്നാല്‍ അമേരിക്കന്‍ ആക്രമണത്തിലും ഫോര്‍ദോയ്ക്ക് കാര്യമായ കേടുപാടുകള്‍ പറ്റിയില്ല എങ്കില്‍, ഈ യുദ്ധത്തില്‍ ഇറാന് ആശ്വസിക്കാന്‍ വകയുണ്ട് എന്ന് വിലയിരുത്തേണ്ടി വരും.
ഇറാനും ഇസ്രായേലും പരസ്പരം വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതിന് പിറകെ ആണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത് എന്ന പ്രത്യേകതയും ഉണ്ട്. തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റിക്കഴിഞ്ഞു എന്ന അവകാശവാദത്തോടെ ആയിരുന്നു ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലുകള്‍ ശരിയെങ്കില്‍, ഇസ്രായേലിന്റെ പ്രധാന ലക്ഷ്യം ഇനിയും നിറവേറ്റപ്പെട്ടിട്ടില്ലെന്ന് പറയേണ്ടിവരും.
അമേരിക്കന്‍ പ്രസിഡന്റിന്റെ വിശ്വാസ്യത ഏറെ നാളായി ത്രാസ്സിലാണ്. പ്രത്യേകിച്ചും ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം. ഇറാന്റെ ആണവ പദ്ധതികള്‍ പൂര്‍ണമായി തകര്‍ത്തു എന്നാണ് ട്രംപും വൈറ്റ് ഹൗസും അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക അറിയിച്ചത് ഇറാന്റെ ആണവ പദ്ധതികള്‍ ദുര്‍ബലപ്പെടുത്തി എന്നാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സ്വന്തം രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ അംഗീകരിക്കാന്‍ ട്രംപ് ഇനിയും തയ്യാറായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.