)
ഇസ്രായേല്‍-ഇറാന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതിന് പിന്നിൽ തങ്ങളാണെന്ന അവകാശവാദം ആണ് അമേരിക്ക ഉയർത്തുന്നത്. എന്നാൽ അമേരിക്കയ്ക്ക് ഒറ്റയ്ക്ക് സാധ്യമാകുന്ന ഒരു കാര്യമായിരുന്നോ ഇത് എന്നാണ് ചോദ്യം. ഇറാനെ ഇത്തരം ഒരു വെടിനിർത്തൽ കരാർ അംഗീകരിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചതിന് പിന്നിൽ മറ്റൊരു മുസ്ലീം രാജ്യത്തിന്റെ കൂടി ഇടപെടൽ ഉണ്ടായിരുന്നു.
പശ്ചിമേഷ്യൻ രാജ്യമായ ഖത്തർ ആയിരുന്നു ഈ വിഷയത്തിൽ നിർണായക ഇടപെടൽ നടത്തിയത്. വെടിനിർത്തൽ നടപ്പിൽ വരേണ്ടതിന്റെ ആവശ്യകത, അമേരിക്കയുടെ നിർദ്ദേശ പ്രകാരം ഖത്തർ പ്രധാനമന്ത്രി ഇറാൻ സർക്കാറിനെ ബോധ്യപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനിയുടെ നേരിട്ടുള്ള ഇടപെടൽ ആണ് ഫലം കണ്ടത്.
ഇറാനും ഖത്തറും തമ്മിലുള്ള സൌഹൃദം ഏറെ കാലമായി തുടർന്നുവരുന്ന ഒന്നാണ്. മുമ്പ് ജിസിസി രാജ്യങ്ങൾ ഖത്തറിനെതിരെ വിലക്കേർപ്പെടുത്തിയതിന് പിന്നിൽ പോലും ഇറാനുമായുള്ള സൌഹൃദം ഒരു കാരണം ആയിരുന്നു. ആ കാലഘട്ടത്തിൽ ഖത്തറിന് എല്ലാ സഹായങ്ങളും നൽകിയവരിൽ ഇറാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇരുരാജ്യങ്ങളുടേയും ഈ സൗഹൃദം മുന്നിൽ കണ്ട് തന്നെ ആയിരുന്നു അമേരിക്ക ഖത്തർ അമീറിനെ ലക്ഷ്യത്തിനായ് സമീപിച്ചത്.
ഇസ്രായേൽ വെടിനിർത്തലിന് സന്നദ്ധത അറിയിച്ചതോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീറിനെ സമീപിക്കുകയായിരുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. വെടിനിർത്തലിന് ഇറാനെ പ്രേരിപ്പിക്കാൻ സഹായിക്കണം എന്ന് ട്രംപ് ഖത്തർ അമീറിനോട് ആവശ്യപ്പെട്ടു. പിന്നീട് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഖത്തർ പ്രധാനമന്ത്രിമായി കാര്യങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ആണ് വെടിനിർത്തലിൽ ഇറാന്റെ സഹകരണം ഉറപ്പാക്കിയത് എന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ചുരുക്കിപ്പറഞ്ഞാൽ വെടിനിർത്തൽ സാധ്യമാക്കിയത് ഖത്തറിന്റെ ഇടപെടൽ മൂലം ആയിരുന്നു. തങ്ങളുടെ രാജ്യത്ത് സ്ഥിതി ചെയ്യുന്ന അമേരിക്കൻ വ്യോമ താവളത്തിന് നേർക്ക് മിസൈൽ ആക്രമണം നടത്തിയ ഒരു രാജ്യവുമായിട്ടാണ് ഖത്തർ ഇത്തരം ഒരു ചർച്ച നടത്തിയത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇറാന്റെ ആക്രമണത്തെ അതിശക്തമായി ഖത്തർ ആദ്യം അപലപിച്ചിരുന്നു. ഖത്തർ പ്രധാനമന്ത്രി ഇറാൻ പരമോന്നത നേതാവായ അലി ഹൊസൈൻ ഖാമ്നായിയെ നേരിട്ട് ബന്ധപ്പെട്ടാണ് വെടിനിർത്തൽ കരാറിലേക്ക് എത്തിച്ചത് എന്ന രീതിയിലും വാർത്തകൾ പുറത്ത് വരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.