അമേരിക്ക വീണ്ടും ഭരണ സ്തംഭനത്തിലേക്ക്!!!

മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണത്തിന് തുക വകയിരുത്തുന്ന കാര്യത്തിലും പ്രതിസന്ധി തുടരുകയാണ്.   

Updated: Feb 12, 2019, 04:32 PM IST
അമേരിക്ക വീണ്ടും ഭരണ സ്തംഭനത്തിലേക്ക്!!!

വാഷിംഗ്ടണ്‍: അമേരിക്ക വീണ്ടും ഭരണ സ്തംഭനത്തിലേക്ക്. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ സുരക്ഷാ മതില്‍ നിര്‍മ്മാണത്തെ കുറിച്ചുള്ള കോണ്‍ഗ്രസ് ചര്‍ച്ച വഴിമുട്ടിയതോടെയാണ് അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിന്റെ വക്കിലേക്കെത്തിയത്. 

അമേരിക്കയിലെ രേഖയില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണം പരിമിതപ്പെടുത്താന്‍ രാജ്യ വികസനത്തിന് സഹായിക്കുന്നവരെ ഒഴിവാക്കി, ക്രിമിനല്‍ റെക്കോഡുള്ളവരെ മാത്രം തടഞ്ഞു വയ്ക്കാമെന്ന ഡെമോക്രാറ്റുകളുടെ വാദം റിപ്പബ്ലിക്കുകള്‍ അംഗീകരിച്ചില്ല.

മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണത്തിന് തുക വകയിരുത്തുന്ന കാര്യത്തിലും പ്രതിസന്ധി തുടരുകയാണ്. 570 കോടി ഡോളറാണ് ട്രംപ് ആവശ്യപ്പെട്ടത്. 200 കോടി ഡോളറിന് താഴെ മാത്രമേ വകയിരുത്താനാകൂ എന്ന് ഡെമോക്രാറ്റുകളും വ്യക്തമാക്കി. 

ഇരു പക്ഷവും വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ ഭരണ സ്തംഭനത്തിലേക്ക് എത്തിയേക്കും. കഴിഞ്ഞ ജനുവരി 25നാണ് ഒരു മാസത്തിലേറെ നീണ്ടു നിന്ന അമേരിക്കയിലെ ട്രഷറി സ്തംഭനം അവസാനിച്ചത്.

എന്നാല്‍ അമേരിക്ക വീണ്ടും അതേ ഭീഷണി നേരിടുകയാണ്. നേരത്തെ, കോണ്‍ഗ്രസില്‍ തുക പാസാകാതിരുന്നത് കാരണം ട്രംപ് ഫെഡറല്‍ ഫണ്ടിംഗ് കരാറില്‍ ഒപ്പു വെച്ചിരുന്നില്ല. 35 ദിവസത്തെ ഭരണ സ്തംഭനത്തിലേക്കാണ് അന്ന് അമേരിക്ക എത്തിയത്. 

സര്‍ക്കാര്‍ മേഖലയിലെ 8 ലക്ഷത്തോളം ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. പ്രതിസന്ധി രൂക്ഷമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടയാണ് ട്രംപ് ഫണ്ടിംഗില്‍ ഒപ്പുവെച്ചത്. 

ഇതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ സുരക്ഷാ കരാര്‍ പാസാവാതിരുന്നതാല്‍ ഒപ്പുവയ്ക്കില്ലെന്ന മുന്‍ നിലപാട് ട്രംപ് സ്വീകരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എങ്കില്‍ ഉടന്‍ തന്നെ അമേരിക്ക വീണ്ടും ഭരണ സ്തംഭനത്തിലേക്ക് വഴുതി വീഴും.