)
പർവ്വതാരോഹണം നടക്കുന്നതിനിടെ ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. വിദേശികൾ അടക്കം മൂന്ന് പേർ മരിച്ചു. നിരവധി പർവ്വതാരോഹകർ കുടുങ്ങിയിരുന്നു. ഇവരിൽ ഭൂരിഭാഗം പേരെയും സുരക്ഷിതമായി താഴെയെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പർവതഗർത്തത്തിൽ നിന്ന് അഗ്നിപർവ്വത അവശിഷ്ടങ്ങൾ ഇപ്പോഴും പുറന്തള്ളുന്നതായും രക്ഷാപ്രവർത്തകർ വ്യക്തമാക്കി.
ഇന്തോനേഷ്യയിലെ ഡുകോണോ പർവതമാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. നോർത്ത് മലുക്കു ദ്വീപിലാണ് ഈ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മാർച്ചിന് ശേഷം ഇരുന്നൂറിലധികം തവണയാണ് ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഇവിടെ പർവതാരോഹണം നടത്തരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും അധികൃതർ വ്യക്തമാക്കി. വിലക്ക് വകവെയ്ക്കാതെ മല കയറിയ സിംഗപ്പൂർ, ഇന്തോനേഷ്യൻ പൗരന്മാർ അടങ്ങുന്ന 20 പർവതാരോഹകരാണ് പെട്ടെന്നുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ കുടുങ്ങിയത്.
ഇവരിൽ രണ്ട് സിംഗപ്പൂർ സ്വദേശികളും ഒരു ഇന്തോനേഷ്യൻ പൗരനുമാണ് മരിച്ചതെന്ന് ഇന്തോനേഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാദേശിക സമയം രാവിലെ 07:41ന് നിരവധി ആളുകൾ പർവതാരോഹണം നടത്തുന്നതിനിടയിലാണ് അഗ്നിപർവ്വത സ്ഫോടനം ഉണ്ടായത്. ചാരവും പുകയും ആകാശത്തേക്ക് 10 കിലോമീറ്റർ ഉയരത്തിൽ വ്യാപിച്ചുവെന്നും ചാരവും കല്ലുകളും തുടർച്ചയായി പുറത്തേക്ക് തെറിച്ചുവീണുവെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി.
ഇന്തോനേഷ്യൻ ഗൈഡായ അലക്സ് ജാങ്കു ഗർത്തത്തിന് സമീപം ചിത്രീകരിച്ച ദൃശ്യങ്ങളിൽ, പർവ്വതത്തിന് മുകളിൽ ഉയർന്നുപൊങ്ങുന്ന പുകയും ചാരവും കാണാനാകും. സ്ഫോടനത്തിന് മുൻപ് ഭൂമിക്കടിയിൽ നിന്ന് ശക്തമായ വിറയൽ അനുഭവപ്പെട്ടതായി അദ്ദേഹം സിഎൻഎൻ ചാനലിനോട് പറഞ്ഞു. മുകളിലേക്ക് കയറുന്നതിനിടയിൽ, ഗർത്തത്തിന്റെ അരികിൽ ഒരു സംഘം ആളുകളെയും, ഗർത്തത്തിൽ നിന്ന് ഏകദേശം 50 മീറ്റർ മാറി ഡ്രോൺ വീഡിയോ ചിത്രീകരിക്കുന്ന മറ്റൊരു സംഘത്തെയും കണ്ടതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.