)
ഇസ്രയേലിനൊപ്പം യുദ്ധത്തിൽ പങ്കുചേർന്നിരിക്കുകയാണ് യുഎസ്. ഇന്ന് പുലർച്ചെയാണ് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇസ്രയേലും യുഎസും ശക്തമായ ജാഗ്രതയിലാണ്. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ യുഎസ് പങ്കുചേർന്നാൽ അത് എല്ലാവർക്കും അപകടം ചെയ്യുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരന്നു.
ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ വൈറ്റ് ഹൗസ് ഇറാനിയൻ സ്ലീപ്പർ സെല്ലുകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഡോണൾഡ് ട്രംപ്, ജോ ബൈഡൻ ഭരണകൂടങ്ങൾക്ക് ഏറെ നാളായി നിലനിന്നിരുന്ന ആശങ്കയാണ് ഇറാനിയൻ സ്ലീപ്പർ സെല്ലുകൾ.
എന്താണ് ഇറാനിയൻ സ്ലീപ്പർ സെല്ലുകൾ?
യു.എസിലും പാശ്ചാത്യ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ചാരന്മാരോ തീവ്രവാദികളോ ആണ് ഇറാനിയൻ സ്ലീപ്പർ സെല്ലുകൾ. നിർദ്ദേശങ്ങൾ ലഭിക്കുന്നത് വരെ ഇവർ നിഷ്ക്രിയരായിരിക്കും. നമുക്കിടയിൽ സാധാരണക്കാരെ പോലെയാണ് സ്ലീപ്പർ സെല്ലുകൾ ജീവിക്കുന്നത്. ആക്രമണം നടത്താനുള്ള നിർദ്ദേശം ലഭിക്കുമ്പോൾ ഇവർ സജീവമാകും. എന്താണ് ചെയ്യേണ്ടതെന്ന് അതിനകം ഇവർക്ക് വ്യക്തതയുണ്ടാകും.
ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണങ്ങളിൽ യു.എസ് പങ്കുചേർന്നാൽ ഈ സെല്ലുകളെ ഇറാൻ സജീവമാക്കിയേക്കാം എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ യുഎസ് നേരിട്ട് ഇറാനെ ആക്രമിച്ചിരിക്കുകയാണ്. സ്ലീപ്പർ സെല്ലുകളെ ഇറാൻ സജീവമാക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
സ്ലീപ്പർ ഏജൻ്റുകളുടെ ആഗോള ശൃംഖല ഇറാൻ സജീവമാക്കാൻ സാധ്യതയുണ്ടെന്നാണ് സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. പൊതു ഇടങ്ങൾ, ആരാധനാലയങ്ങൾ, അല്ലെങ്കിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ വ്യക്തികളെ ലക്ഷ്യം വെക്കാൻ ഇവർക്ക് ഉത്തരവുകൾ ലഭിച്ചേക്കാം. ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിലെ പങ്കാളിത്തത്തോടെ ഇറാന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒരാൾ ട്രംപ് തന്നെയാണ്.
ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സ്ലീപ്പർ സെല്ലുകളെ ഇറാൻ സജീവമാക്കാനുള്ള സാധ്യതയേറുകയാണെന്ന് വിദഗ്ധർ പറയുന്നു. എംബസികൾ, പൊതു അടിസ്ഥാന സൗകര്യങ്ങൾ, സിനഗോഗുകൾ തുടങ്ങിയവയെല്ലാം ആക്രമിക്കപ്പെട്ടേക്കാം.
ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ കേന്ദ്രങ്ങൾക്ക് നേരെയാണ് ഇന്ന് യുഎസിന്റെ ആക്രമണം നടന്നത്. ഇറാൻ - ഇസ്രയേൽ സംഘർഷം തുടങ്ങി 10 ദിവസം പിന്നിടുമ്പോഴാണ് അമേരിക്കയുടെ ആക്രമണമുണ്ടായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.