ശൈത്യകാല ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിനിടെ സൈബര്‍ ആക്രമണം

  

Updated: Feb 12, 2018, 04:35 PM IST
ശൈത്യകാല  ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിനിടെ സൈബര്‍ ആക്രമണം

പ്യോങ്ചാങ്: ഫെബ്രുവരി ഒമ്പതിന് നടന്ന ശൈത്യകാല ഒളിംപിക്സിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ സൈബര്‍ ആക്രമണമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു. ശൈത്യകാല  ഒളിംപിക്സിന്‍റെ 23‐ാം പതിപ്പാണ്  ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങിൽ നടന്നുക്കൊണ്ടിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിന് തൊട്ടു മുന്‍പ് പ്യോങ്ചാങ് ഒളിംപിക്‌സിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമാവുകയും ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ അന്വേഷിക്കാനും ടിക്കറ്റുകള്‍ പ്രിന്റ് ചെയ്യാനും കഴിയാതെ വരികയും ചെയ്തു.

സ്റ്റേഡിയത്തിലെ വൈഫൈ സംവിധാനവും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ടെലിവിഷനും പ്രവര്‍ത്തനരഹിതമാകുകയും ചടങ്ങ് ചിത്രീകരിക്കാന്‍ വേണ്ടി ഒരുക്കിയിരുന്ന ഡ്രോണ്‍ ക്യാമറകളും സാങ്കേതിക തകരാര്‍ മൂലം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരുകയും ചെയ്തു. 

ചടങ്ങ് ചിത്രീകരിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് മുന്‍കൂട്ടി റെക്കോഡ് ചെയ്തുവെച്ച ദൃശ്യങ്ങളാണ് അധികൃതര്‍ പ്രദര്‍ശിപ്പിച്ചത്. പ്രാദേശിക സമയം എട്ട് മണിയോടെയാണ് വെബ്‌സൈറ്റ് തിരികെയെത്തിയത്.

എന്നാല്‍ ഡ്രോണുകള്‍ പ്രവര്‍ത്തന രഹിതമായത് സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായതാണോ അതോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്‌നമായിരുന്നോ എന്ന് വ്യക്തമാക്കാന്‍ ഒളിംപിക്‌സ് അധികൃതര്‍ തയ്യാറായില്ല.

ഉത്തേജകമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് റഷ്യന്‍ അത്‌ലറ്റുകള്‍ക്ക് വിന്റര്‍ ഒളിംപിക്‌സില്‍ നിന്നും നിരോധനം ഏര്‍പ്പെടുത്തിയതിന് റഷ്യ സൈബര്‍ ആക്രമണത്തിലൂടെ പകരം വീട്ടിയതാണെന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്.  എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനോ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കാനോ ഒളിംപിക്‌സ് അധികൃതര്‍ തയ്യാറായില്ല.