Aadujeevitham Hakim K R Gokul Interview: നീ ഇവിടെ ചില്ലിങ്ങിന് വന്നതാണോ...? അന്ന് ഞാൻ ശരിക്കും ഞെട്ടി; ​ഗോകുൽ പറയുന്നു

Aadujeevitham K R Gokul Interview: തന്റെ പതിനേഴാമത്തെ വയസ്സിൽ ''ആടുജീവിതം'' സിനിമയിൽ ജോയിൻ ചെയ്ത ഗോകുലിന്റെ 24ാം വയസ്സിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ബ്ലെസി എന്ന സംവിധായകനിൽ താൻ അർപ്പിച്ച വിശ്വാസമാണ് ഈ ആറു വർഷക്കാലം മുന്നോട്ടു പോകാൻ തന്നെ നയിച്ചതെന്ന് ​ഗോകുൽ പറയുന്നു. 

Written by - Ashli Rajan | Last Updated : Apr 4, 2024, 11:42 AM IST
  • നജീബിനെ പോലെ തന്നേ ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും ആയി കടലു കടന്നതാണ് ഈ യുവാവും. എന്നാൽ ഹക്കീമിനേയും ആ മരുഭൂമിയിൽ കാത്തിരുന്നത് ആടുജീവിതം തന്നെ.
  • നാട്ടിൽ തിരിച്ചെത്തണമെന്ന വെമ്പലിൽ ആ മണലാരണ്യങ്ങളിലൂടെയുള്ള മൂന്ന് മനുഷ്യരുടെ അതീജീവന യാത്ര കണ്ടിരുന്ന പ്രേക്ഷകനും മനസ്സിൽ എന്തെന്നില്ലാത്ത ഒരു വെപ്രാളം സൃഷ്ടിച്ചു.
  • ''ആടുജീവിതം'' സിനിമ വിജയകരമായി അതിന്റെ ജൈത്രയാത്ര തുടരുമ്പോൾ പൃഥ്വിരാജിനെ പോലെ തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നടനാണ് ചിത്രത്തിൽ ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ ആർ ഗോകുൽ.
Aadujeevitham Hakim K R Gokul Interview:  നീ ഇവിടെ ചില്ലിങ്ങിന് വന്നതാണോ...? അന്ന് ഞാൻ ശരിക്കും ഞെട്ടി; ​ഗോകുൽ പറയുന്നു

"ഞമ്മക്ക് രക്ഷപ്പെടേണ്ടേ ഇക്കാ...?" ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അവസാനിച്ച് ഇനി ജീവിതാവസാനം വരെ ആടിനൊപ്പം എന്ന് കരുതിയ നജീബിന്റെ മനസ്സിൽ വീണ്ടും പ്രതീക്ഷയുടെ തിരിനാളമായി തെളിഞ്ഞത് ഹക്കീമിന്റെ ഈ ചോദ്യമായിരുന്നു. ആ ചോദ്യം കേട്ട് തീയേറ്ററിൽ ഇരുന്ന ഓരോ പ്രേക്ഷകനും മനസ്സിൽ ഉരുവിട്ടു... തിരിച്ചുപോകണം നാട് കാണണമെന്ന്. ഇത്രയും നാൾ തന്റെ ചിറകിൽ ഒതുക്കിവെച്ച മകനെ യാത്ര പറഞ്ഞയക്കുമ്പോൾ ഹക്കിമിന്റെ ഉമ്മയുടെ കണ്ണിൽ വാത്സല്യവും, സ്നേഹവും, വേർപാടിന്റെ സങ്കടവും ആയിരുന്നെങ്കിൽ, ഹക്കീമിന്റെ കണ്ണിൽ തന്റെ മുന്നിലുള്ള പുതിയ ജീവിതം ഓർത്തുള്ള തിളക്കമായിരുന്നു കൂടുതലും.

നജീബിനെ പോലെ തന്നേ ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും ആയി കടല് കടന്നതാണ് ഈ യുവാവും. എന്നാൽ ഹക്കീമിനേയും ആ മരുഭൂമിയിൽ കാത്തിരുന്നത് ആടുജീവിതം തന്നെ.നാട്ടിൽ തിരിച്ചെത്തണമെന്ന വെമ്പലിൽ ആ മണലാരണ്യങ്ങളിലൂടെയുള്ള മൂന്ന് മനുഷ്യരുടെ അതീജീവന യാത്ര കണ്ടിരുന്ന പ്രേക്ഷകനും മനസ്സിൽ എന്തെന്നില്ലാത്ത ഒരു വെപ്രാളം സൃഷ്ടിച്ചു. ഒടുക്കം ആ യാത്രയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ച ഹക്കീം ആ മണലാരണ്യങ്ങളിൽ ആഴ്ന്ന് പോകുന്ന കാഴ്ച്ച സിനിമ കണ്ടിരുന്നവർക്കും ഒരു നൊമ്പരമായി മാറി. ''ആടുജീവിതം'' സിനിമ വിജയകരമായി ജൈത്രയാത്ര തുടരുമ്പോൾ പൃഥ്വിരാജിനെ പോലെ തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നടനാണ് ചിത്രത്തിൽ ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ ആർ ഗോകുൽ.

തന്റെ പതിനേഴാമത്തെ വയസ്സിൽ ''ആടുജീവിതം'' സിനിമയിൽ ജോയിൻ ചെയ്ത ഗോകുലിന്റെ 24ാം വയസ്സിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ബ്ലെസി എന്ന സംവിധായകനിൽ താൻ അർപ്പിച്ച വിശ്വാസമാണ് ഈ ആറു വർഷക്കാലം മുന്നോട്ടു പോകാൻ തന്നെ നയിച്ചതെന്ന് ​ഗോകുൽ പറയുന്നു. തന്റെ ആദ്യ ചിത്രമായ ആടുജീവിതത്തിൽ ഹക്കീം ആയി മാറുവാൻ താൻ ചെയ്ത തയ്യാറെടുപ്പുകളെ കുറിച്ചും അതിനിടയിൽ നേരിട്ട വെല്ലുവിളികളെ കുറിച്ചും ഷൂട്ടിങ്ങ് അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഗോകുൽ സീ മലയാളം ന്യൂസിനോട്. 

തുണയായത് കലാജാഥ...

ഓഡിഷൻ വഴിയാണ്  ആടുജീവിതത്തിലേക്ക് ഞാൻ എത്തുന്നത്. പ്ലസ് ടു കഴിഞ്ഞ സമയമാണ്. കോളേജിൽ കലാജാഥ എന്ന പ്രോഗ്രാം ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റിക്ക്‌ കീഴിലുള്ള എല്ലാ കോളേജുകളിലും പോയി സ്കിറ്റ്, ഡ്രാമ എന്നിവയൊക്കെ അവതരിപ്പിക്കുന്ന ഒരു സംഭവമാണ് ഇത്. ആ സമയത്ത് അവിടെയുള്ള ഒരു ചേട്ടനാണ് കോൾ വരുന്നത്. അങ്ങനെ എന്റെ ഫോട്ടോ അയച്ചു കൊടുത്തു. ഞാൻ ഓഡിഷന് പോയി. അവിടെ ബ്ലെസി സർ ഒക്കെ ഉണ്ടായിരുന്നു. അവര് പറഞ്ഞത് പ്രകാരമുള്ള കാര്യങ്ങൾ ഒക്കെ ചെയ്തു. അങ്ങനെയാണ് ഞാൻ ആടുജീവിതത്തിലേക്ക്  തിരഞ്ഞെടുക്കപ്പെടുന്നത്.

ഹക്കിമിലേക്കുള്ള യാത്ര...

ഹക്കീമിന് വേണ്ടി ശാരീരികമായി ഞാൻ വളരെയധികം മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ആദ്യ ഷെഡ്യൂളിനു വേണ്ടി എന്റെ യഥാർത്ഥ ഭാരത്തിൽ നിന്നും 64 കിലോയിൽ എത്തിച്ചു. അപ്പോൾ ഭാരം വർദ്ധിപ്പിക്കുകയായിരുന്നു വേണ്ടത്. ആ സമയത്ത് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒക്കെ കഴിച്ചു. പിന്നീടുള്ള ഷെഡ്യൂളിന് വേണ്ടി ഭാരം കുറക്കുകയായിരുന്നു. അതിനായി ഡയറ്റെടുത്തു. ആദ്യം 1500 കലോറി ഫുഡ്, പിന്നെ 1000, 500 ആ രീതിയിൽ കുറച്ചു കുറച്ചാണ് ഞാൻ ഹക്കീമായി മാറിയത്. അവസാനത്തെ 15 ദിവസങ്ങൾക്ക് വേണ്ടി ഞാൻ വാട്ടർ ഡയറ്റ് ആയിരുന്നു എടുത്തത്. അതോടെ എന്റെ ആരോഗ്യനില വളരെ മോശമായി.

അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് ചുമരുണ്ടെങ്കിൽ മാത്രമേ ചിത്രം വരയ്ക്കാൻ സാധിക്കുകയുള്ളൂ എന്ന്. പിന്നീടുള്ള ദിവസങ്ങളിൽ പഴവും ജ്യൂസുകളും മറ്റും കുടിച്ചായിരുന്നു ഞാൻ ‍ഡയറ്റ് എടുത്തത്. ഉച്ചയ്ക്ക് ഒരു കുബ്ബൂസും പച്ചവെള്ളവും  അങ്ങനെയൊക്കെയാണ് മുന്നോട്ട് പോയത്. അതുപോലെ തന്നെ ഞാൻ 15 ദിവസമൊക്കെ കുളിക്കാതെ നിന്നിട്ടുണ്ടായിരുന്നു. കഥാപാത്രം അനുഭവിച്ചതിന്റെ 1% ശതമാനം എങ്കിലും നമ്മൾ അനുഭവിച്ചാലല്ലേ നമുക്കാ ഫീൽ വരു. കഥാപാത്രത്തോട് കുറച്ചെങ്കിലും നീതി പുലർത്താൻ വേണ്ടിയാണ് അങ്ങനെ ഒക്കെ ചെയ്തത്. അവർ അനുഭവിച്ചത് കുറച്ചെങ്കിലും അനുഭവിക്കുക, അതിലൂടെ ആ ഒരു ഇമോഷണൽ മെമ്മറി നമ്മൾ അവിടെ കൊടുക്കുക എന്നുള്ളതാണ് ഞാൻ ചിന്തിച്ചത്.

സ്വപ്നത്തിന് വേണ്ടിയുളള ത്യാ​ഗം...

ആ സമയങ്ങളിൽ ഒക്കെ എനിക്ക് ഇമ്മ്യൂണിറ്റി വളരെ കുറവായിരുന്നു. പെട്ടെന്ന് തളർന്നു പോകുകയും പനി വരുകയും ഒക്കെ ചെയ്യും. കൂടാതെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ വല്ലാത്ത ക്ഷീണമായിരിക്കും. പെട്ടന്ന് ഉറങ്ങി എഴുന്നേൽക്കാൻ കഴിയില്ല. കസേരയിൽ ഇരുന്ന് പെട്ടെന്ന് എഴുന്നേൽക്കാൻ കഴിയില്ല. ഡിഹൈഡ്രേഷൻ കൊണ്ടും പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിലൊന്നും എനിക് റിഗ്രെറ്റ് ചെയ്യേണ്ടി വന്നിട്ടില്ല. കാരണം ഇതെന്റെ സ്വപ്നമാണ്... ആ സ്വപ്നത്തിന് വേണ്ടി എന്തും കൊടുക്കാൻ വേണ്ടിയുള്ള ഒരു മാനസികാവസ്ഥയായിരുന്നു എന്റേത്. നമ്മുടെ സ്വപ്നത്തെ കൈപിടിയിൽ ഒതുക്കാനുള്ള അവസരം കിട്ടുന്ന സമയത്ത് മറ്റൊന്നും ചിന്തിച്ചില്ല എന്നുള്ളതാണ് സത്യം.

പേടിച്ചോടിയെത്തിയ എന്നോട് ചെയ്തത്...

ഒരു ഓർമ്മ പറയാൻ ആണെങ്കിൽ എനിക് ഏറ്റവും കൂടുതൽ അഭിമാനം തോന്നിയ നിമിഷം സെറ്റിൽ ഉണ്ടായി. യഥാർത്ഥത്തിൽ അത് ഒരു പ്രാങ്ക് ആയിരുന്നു. അന്ന് എന്റെ ഷോട്ടുകള് ഒക്കെ ഏകദേശം കഴിഞ്ഞിരുന്നു. അതിനാൽ വിശ്രമിക്കുന്നതിന് വേണ്ടി ഞാൻ നടന്ന് കാറിലെത്തി അതിലിരുന്നു. പെട്ടന്ന് കോസ്റ്റ്യൂമിലെ ചേട്ടന്മാരും, മേക്കപ്പിലെ ചേട്ടന്മാരും ഒക്കെ എന്നെ വന്നു വിളിച്ചു. ''ഗോകുലെ നീ ഇവിടെ ഇരിക്കുകയാണോ? നീയിവിടെ ചില്ലിങ്ങിനാണോ വന്നത്...? വേഗം വാ... അവിടെ എല്ലാരും നിന്നെ കാത്തു നിൽക്കുന്നു''.'' ബ്ലെസി സർ വിളിക്കുന്നുണ്ട് ലൈറ്റ് പോകും" എന്നൊക്കെ പറഞ്ഞു വിളിച്ചു..

ഞാനും ആകെ ടെൻഷൻ ആയി. പെട്ടെന്ന് അവിടെ നിന്നും വേഗം നടന്ന് സെറ്റിൽ എത്തി. അങ്ങനെ തലയിലെ കെട്ട് കെട്ടാനായി ഇരുത്തി. ഞാനും ആകെ ടെൻഷനടിച്ച് തല താഴ്ത്തി ഇരിക്കുമ്പോൾ എല്ലാവരും കൈയടിക്കാൻ ആരംഭിച്ചു. അന്നെന്റെ എല്ലാ ഷോട്ടുകളും കഴിഞ്ഞ ദിവസമായിരുന്നു. എല്ലാവരും എന്നെ അഭിനന്ദിച്ചു. ബ്ലെസി സർ എന്നെ കെട്ടിപ്പിടിച്ചു, പ്രൗഡ് എന്നു പറഞ്ഞു.. രാജു ഏട്ടനും അങ്ങനെ തന്നേ.. ഞാൻ നന്നായി അഭിനയിച്ചു എന്നു പറഞ്ഞു. അതെനിക് ജീവിതത്തിലെ മറക്കാനാവാത്ത ഒരു അഭിമാന നിമിഷമായിരുന്നു.

അച്ഛന് മകനോടെന്ന പോലെ വാത്സല്യം

ബ്ലെസ്സി സാറുടെ ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചത് തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്. കൂടാതെ എനിക്ക് അദ്ദേഹത്തിനെ ഈ സിനിമയിൽ സംവിധാനത്തിലും അസിസ്റ്റ് ചെയ്യാൻ സാധിച്ചു. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് എന്റെ കരിയറിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് അത്. ഒരു അച്ഛന് മകനോട് എന്ന പോലെയുള്ള ഒരു വാത്സല്യം  അദ്ദേഹത്തിന് എപ്പോഴും എന്നോട് ഉണ്ടായിരുന്നു. രാജുവേട്ടൻ ആയാലും അങ്ങനെ തന്നെ... കൂടെ അഭിനയിക്കുന്ന ഒരു അഭിനേതാവിനോട് എന്നതിലുപരി ഒരു സഹോദരനോട് എന്നപോലെയുള്ള ഒരു കെയറും വാത്സല്യവും  എന്നോട് കാണിക്കുമായിരുന്നു. 

ALSO READ: സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനെയും വീഴ്ത്തി; തമിഴകത്ത് റെക്കോര്‍ഡിട്ട് മഞ്ഞുമ്മല്‍ ബോയ്‌സ്

അന്ന് കാണുമ്പോൾ നീ കൊച്ചായിരുന്നല്ലോ... എനിക്കിപ്പോൾ ഒരു കൊച്ചാകാറായി

അമലേച്ചിയെ ഞാൻ ഒറ്റ ദിവസം മാത്രമാണ് സെറ്റിൽ വച്ച് കണ്ടിട്ടുള്ളത്. പിന്നീട് കാണുന്നത് ഓഡിയോ ലോഞ്ചിന്റെ സമയത്താണ്. ഞാൻ '' ഡു യു റിമംബർ മീ?'' എന്ന് ചോദിച്ചപ്പോൾ '' ഓർമ്മയുണ്ട് അന്ന് ഞാൻ നിന്നെ കാണുമ്പോൾ നീ ചെറിയ കുട്ടി ആയിരുന്നല്ലോ... എനിക്കിപ്പോൾ ഒരു കൊച്ച് ആകാറായി'' എന്നാണ് പറഞ്ഞത്. ''യൂ ലുക്ക് ഹാൻസം'' എന്നൊക്കെ പറഞ്ഞ് ഒരുപാട് കോംപ്ലിമെന്റ്സ് ഒക്കെ എനിക്ക് തന്നു. കുറച്ചു നേരത്തെ പരിചയമായിരുന്നെങ്കിലും എന്നോട് ആ രീതിയിലുള്ള ഒരു അടുപ്പമാണ് അവരും കാണിച്ചത്.

അദ്ദേഹത്തിന്റെ ആ ആ​ഗ്രഹമാണ് ഞാൻ മറ്റ് സിനിമകളിൽ അഭിനയിക്കാതിരുന്നത്

ആടുജീവിതം റിലീസ് ചെയ്യുന്നതിനു മുന്നേ എന്നെ തേടി ഒരുപാട് അവസരങ്ങൾ വന്നിരുന്നു. എന്റെ പഴയ നാടക ബന്ധങ്ങളുടേയെല്ലാം പശ്ചാത്തലത്തിൽ. കൂടാതെ ആടുജീവിതം സിനിമയുടെ സ്പോട്ട് എഡിറ്റർ എന്റെ അഭിനയം കണ്ടിട്ട് എനിക്ക് സിനിമയിൽ അവസരം തന്നിരുന്നു. പിന്നെ റസൂൽ പൂക്കുട്ടി സർ ഒരു ട്രിബ്യൂട്ടിന് വേണ്ടിയും എനിക്കൊരു റോൾ ഓഫർ ചെയ്തിരുന്നു. പക്ഷേ അതൊക്കെ ഞാൻ വേണ്ടെന്നുവച്ചത് ബ്ലെസ്സി സാറിന്  ഒരു ആഗ്രഹമുണ്ടായിരുന്നു, എന്നെ ''ആടുജീവിതം'' എന്ന സിനിമയിലൂടെ ഫ്രഷായി അവതരിപ്പിക്കണമെന്ന്. ബ്ലെസി എന്ന ഫിലിം മേക്കറിൽ ഞാൻ അർപ്പിച്ച വിശ്വാസമാണ് മറ്റു അവസരങ്ങൾ എല്ലാം വേണ്ടെന്ന് വച്ച്, ഈ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരുന്നത്. എന്റെ പ്രായത്തേക്കാൾ കൂടുതൽ ഉണ്ട് അദ്ദേഹത്തിന്റെ സിനിമയിലുള്ള എക്സ്പീരിയൻസിന്. ആ വാക്കിന് പ്രാധാന്യം നൽകിയത് കൊണ്ടാണ് ഞാൻ ഇത്ര വർഷം മറ്റു സിനിമകളിൽ ഒന്നും അഭിനയിക്കാതിരുന്നത്.

ആ കോൺഫിഡൻസാണ് മുന്നോട്ട് നയിച്ചത്...

എന്റെ പതിനേഴാമത്തെ വയസ്സിലാണ് ഞാൻ ആടുജീവിതത്തിൽ ജോയിൻ ചെയ്യുന്നത്. ഇപ്പോൾ എനിക്ക് 24 വയസ്സ്. ഇതിനിടയിലുള്ള കാലയളവിൽ എനിക്ക് ആശങ്കകൾ ഒട്ടും ഇല്ലായിരുന്നു. കാരണം എനിക്ക് അറിയാമായിരുന്നു ''ആടുജീവിതം'' എന്തായാലും ഒരു വേൾഡ് ക്ലാസ് പ്രോഡക്റ്റ് ആകും എന്നത്. അഭിനയത്തിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസും ചെയ്യാത്ത ബ്ലെസി എന്ന സംവിധായകന്റെ കീഴിലാണ് ഞാൻ അഭിനയിച്ചത്. ആ കോൺഫിഡൻസാണ് എന്നെ മുന്നോട്ട് നയിച്ചത്. ആറു വർഷത്തോളം കാത്തിരുന്നു ഞാൻ എന്റെ സിനിമ റിലീസ് ചെയ്യുന്നതിന് വേണ്ടി. ഒരുപാട് കാത്തിരുന്ന് നമുക്കൊരു കാര്യം ലഭിക്കുമ്പോഴാണ് നമ്മൾ അതിന് കൂടുതൽ വിലകൊടുക്കുക. അങ്ങനെ ഒരു ഫീൽ ആയിരുന്നു എനിക്കുള്ളത്. അതുകൊണ്ടുതന്നെ ഞാൻ വളരെയധികം ​ഗ്രേറ്റ്ഫുൾ ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News