Super League Kerala: ഫ്രാഞ്ചൈസികൾ റെഡി! കേരളത്തിൽ ഫുട്ബോൾ ആരവുമായി സൂപ്പർ ലീഗ് കേരള

45 ദിവസം നീണ്ടു നിൽക്കുന്ന സൂപ്പർ ലീഗിൽ കൊച്ചി പൈപ്പേഴ്‌സ് എഫ്‌സി, കാലിക്കറ്റ് എഫ്‌സി, തൃശ്ശൂർ റോർ എഫ്‌സി, കണ്ണൂർ സ്‌ക്വാഡ് എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി, മലപ്പുറം എഫ്‌സി എന്നീ ആറു ടീമുകൾ മാറ്റുരക്കും  

Written by - Zee Malayalam News Desk | Last Updated : May 11, 2024, 01:22 PM IST
  • സെപ്റ്റംബർ ആദ്യവാരത്തോടെ പ്രഥമ സൂപ്പർ ലീഗ് തുടങ്ങും.
  • ഫ്രാഞ്ചൈസി ഉടമകളെയും സഹ-ഉടമകളെയും ചടങ്ങിൽ പരിചയപ്പെടുത്തി.
Super League Kerala: ഫ്രാഞ്ചൈസികൾ റെഡി! കേരളത്തിൽ ഫുട്ബോൾ ആരവുമായി സൂപ്പർ ലീഗ് കേരള

കൊച്ചി: സൂപ്പർ ലീഗ് കേരളയുടെ സീസൺ ഒന്നിലെ ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചു. കൊച്ചിയിൽ വെച്ചാണ് ആറ് ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചത്. ഇതോടെ കേരളത്തിൽ ഫുട്ബോൾ ആരവങ്ങൾ തുടക്കം കുറിക്കുകയാണ്. സെപ്റ്റംബർ ആദ്യവാരത്തോടെ തുടങ്ങുന്ന പ്രഥമ സൂപ്പർ ലീഗിൽ കൊച്ചി പൈപ്പേഴ്‌സ് എഫ്‌സി, കാലിക്കറ്റ് എഫ്‌സി, തൃശ്ശൂർ റോർ എഫ്‌സി, കണ്ണൂർ സ്‌ക്വാഡ് എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി, മലപ്പുറം എഫ്‌സി എന്നീ ടീമുകൾ മത്സരിക്കും. 45 ദിവസം നീണ്ടു നിൽക്കുന്നതാണ് സൂപ്പർ ലീഗ് കേരള. 

ഫ്രാഞ്ചൈസി ഉടമകളെയും സഹ-ഉടമകളെയും ചടങ്ങിൽ പരിചയപ്പെടുത്തി. പ്രശസ്ത ടെന്നീസ് താരം മഹേഷ് ഭൂപതി, സിഇഒ, എസ്ജി സ്പോർട്സ് ആൻഡ് എൻ്റർടൈൻമെൻ്റ്, എപിഎൽ അപ്പോളോ (കൊച്ചി പൈപ്പേഴ്സ് എഫ്സി), ബ്രിസ്ബേൻ റോർ എഫ്സി ചെയർമാനും സിഇഒയുമായ കാസ് പടാഫ്ത, മാഗ്നസ് സ്പോർട്സിൻ്റെ ബിനോയിറ്റ് ജോസഫ് നുസിം ടെക്നോളജീസിൻ്റെ മുഹമ്മദ് റഫീഖ് (തൃശ്ശൂർ റോർ എഫ്‌സി), കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഡയറക്ടർ എം പി ഹസ്സൻ കുഞ്ഞി, ദോഹയിലെ കാസിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മിബു ജോസ് നെറ്റിക്കാടൻ, അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്‌സി പ്രമോട്ടർ ഷമീം ബക്കർ (കണ്ണൂർ സ്ക്വാഡ് എഫ്‌സി), കിംസ് സിഎംഡി ഡോ.മുഹമ്മദ് ഇല്യാസ് സഹദുള്ള, കേരള ട്രാവൽസ് എംഡി കെ സി ചന്ദ്രഹാസൻ,  ടി ജെ മാത്യൂസ്, സഹഉടമ കോവളം എഫ് സി, പ്രിൻസ് ഗൗരി ലക്ഷ്മി ഭായി (തിരുവനന്തപുരം കൊമ്പൻസ് എഫ്സി), ബിസ്മി ഗ്രൂപ്പ് എംഡി വി എ അജ്മൽ ബിസ്മി, തിരൂർ എസ്എടി എഫ്‌സി & ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്‌സ് ഡോ അൻവർ അമീൻ ചേലാട്ട്, സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറം പ്രസിഡൻ്റ് ബേബി നീലാംബ്ര (മലപ്പുറം എഫ്‌സി), ടെക് സംരംഭകൻ വി കെ മാത്യൂസ്, ഐ ബി എസ് ഗ്രൂപ്പ് (കാലിക്കറ്റ് എഫ്സി) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയിലെ തന്നെ ഒരു സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ആദ്യ ഫുട്ബോൾ സൂപ്പർ ലീഗ് ആണ് ഇത്. കേരളാ ഫുട്‌ബോള്‍ അസോസിയേഷനും സ്കോർലൈനും സംയുക്തമായാണ് ലീഗ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ സംസ്ഥാന കായിക മന്ത്രി വി  അബ്ദുറഹിമാൻ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡൻ്റ് കല്യാൺ ചൗബെ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് നവാസ് മീരാൻ, സ്പോർട്സ് കമൻ്റേറ്റർ ചാരു ശർമ എന്നിവരും സംബന്ധിച്ചു. 

Also Read: IPL 2024: എം എസ് ധോണി വിരമിക്കുന്നു? പ്രഖ്യാപനം മെയ് 12ന്? ഒന്നല്ല, കാരണങ്ങൾ നിരവധി!

 

ലോക നിലവാരത്തിലേക്ക് ഉയരാൻ കഴിയുന്ന മികച്ച ഫുട്ബോൾ താരങ്ങൾ കേരളത്തിൽ ഉണ്ട്. അവസരവും പ്രോത്സാഹനവും മികച്ച സൗകര്യങ്ങളും നൽകി അവരെ ദേശീയ, അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് സൂപ്പർ ലീഗ് കേരള ലക്ഷ്യമിടുന്നത്. വിദേശത്ത് നിന്നുള്ള മികച്ച കളിക്കാർ, പരിശീലകർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ സഹായം ലീഗിലെ ടീമുകൾക്ക് ഉണ്ടാകും. 

കേരളത്തിൽ നിന്ന് വളരെ ചുരുക്കം കളിക്കാർക്ക് മാത്രമാണ് നിലവിൽ ഇത്തരത്തിൽ വിദേശ താരങ്ങൾക്കൊപ്പം കളിയ്ക്കാൻ സാധിക്കുന്നത്. എന്നാൽ, സൂപ്പർ ലീഗ് കേരള വരുന്നതോടെ സംസ്ഥാനത്തെ മികച്ച താരങ്ങൾക്ക് വിദേശ പ്രതിഭകളോടൊപ്പം കളിച്ച് കഴിവ് മികച്ചതാക്കാൻ കഴിയും. ഏഷ്യൻ താരങ്ങൾക്കൊപ്പം മധ്യേഷ്യ, ആഫ്രിക്ക, യൂറോപ്പ്‌, ലാറ്റിൻ അമേരിക്ക തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള കളിക്കാരുടെയും പരിശീലകരുടെയും സേവനം ഉണ്ടാകും. 

അന്തർദേശീയ നിലവാരത്തിൽ നടക്കുന്ന ലീഗ് ടൂർണമെന്റുകൾക്ക് അനുസരിച്ചാകും കേരളത്തിലെ ലീഗിന്റെയും നടത്തിപ്പ്. സ്പോർട്സ് & എന്റർടൈൻമെൻറ്, ടൂറിസം, വിനോദം, യാത്ര, ഹോസ്‌പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലുടനീളം നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ലീഗ് ഗുണകരമാകും. പ്രാദേശികമായി തിരഞ്ഞെടുക്കപ്പെട്ട ആറ് സ്ഥലങ്ങൾക്ക് മാത്രമല്ല കേരളത്തിലുടനീളം ഇതിന്റെ പ്രയോജനം ലഭ്യമാകുന്ന തരത്തിലാണ് ലീഗിന്റെ ആസൂത്രണം. ഫ്രാഞ്ചൈസികൾ തിരഞ്ഞെടുക്കുന്ന കേരളത്തിൽ നിന്നുള്ള 100 ഓളം യുവാക്കൾക്ക് താരതമ്യേന നല്ല തുക പ്രതിഫലമായി ലഭിക്കും. അവർക്ക് വരും വർഷങ്ങളിൽ ദേശീയ, അന്തർദേശീയ ഫുട്ബോളിൽ ഉയരാനുള്ള  ചവിട്ടുപടിയായി കൂടിയായിരിക്കും ഈ ലീഗ്. 

കേരളത്തെ അന്തർദേശീയ ഫുട്ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്താൻ പോകുന്നതായിരിക്കും സൂപ്പർ ലീഗ് കേരള. വരും വർഷങ്ങളിൽ സംസ്ഥാനത്തിൻ്റെ ഫുട്ബോൾ പ്രവർത്തനങ്ങൾ വലിയ രീതിയിൽ ഇത് പുനർനിർവചിക്കുമെന്ന് ഫ്രാഞ്ചൈസികളുടെ പരിചയപ്പെടുത്തൽ ചടങ്ങിൽ സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

ആദ്യമായി ഒരു സംസ്ഥാനം നടത്തുന്ന പ്രൊഫഷണൽ ലീഗ് എന്ന നിലയിൽ സൂപ്പർ ലീഗ് കേരള കായികരംഗത്ത് കൂടുതൽ പ്രൊഫഷണലിസം കൊണ്ടുവരുമെന്നും വരും വർഷങ്ങളിൽ നിരവധി പ്രതിഭകളെ ഫുട്‌ബോളിലേക്ക് ആകർഷിക്കാൻ ഇത് സഹായിക്കുമെന്നും ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ മേധാവി കല്യാൺ ചൗബെ പറഞ്ഞു.

ഫുട്ബോൾ ആരാധകരുടെ സൗകര്യം  കണക്കിലെടുത്താണ് സ്റ്റേഡിയങ്ങളും വേദികളും തിരഞ്ഞെടുത്തതെന്ന് എസ്എൽകെ സിഇഒ മാത്യു ജോസഫ് പറഞ്ഞു. മികച്ച സൗകര്യങ്ങളോടെ കളി കാണാനുള്ള അവസരമാകും സൂപ്പർ ലീഗ് കേരള ഒരുക്കുന്നത്. ഏഷ്യയിലും യൂറോപ്പിലും തെക്കേ അമേരിക്കയിലുമടക്കമുള്ള വിദേശ പ്രതിഭകളും ലീഗിന്റെ ഭാഗമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News