പിഎഫ് അംഗങ്ങൾക്കും പെൻഷൻകാർക്കും ഉയർന്ന വേതനത്തിൽ പെൻഷൻ ലഭിച്ചേക്കും. എംപ്ലോയീസ് പെൻഷൻ സ്കീം, 1995 പ്രകാരം രാജ്യത്തുടനീളമുള്ള 97,640 പിഎഫ് അംഗങ്ങൾക്കും പെൻഷൻകാർക്കുമാണ് ആനുകൂല്യം ലഭിക്കുക.
പെൻഷൻ പേയ്മെന്റ് ഓർഡറുകൾ (പിപിഒ) ലഭിച്ച വ്യക്തികളുടെ എണ്ണം (8,401) ഡിമാൻഡ് നോട്ടീസ് അയച്ച വ്യക്തികളുടെ എണ്ണത്തിനൊപ്പം (89,235) ചേർത്താണ് മൊത്തത്തിലുള്ള കണക്കെടുക്കുന്നത്.
2022 നവംബറിലെ സുപ്രീം കോടതി വിധിക്ക് അനുസൃതമായി ഉയർന്ന വേതനത്തിൽ പെൻഷന് അർഹതയുണ്ടെന്ന് കണ്ടെത്തിയവർക്ക് മാത്രമാണ് ഡിമാൻഡ് നോട്ടീസ് അയയ്ക്കുന്നത്.
വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി കെ.പി ബാബു വിശദാംശങ്ങൾ തേടിയിരുന്നു. ഇതിന് വിവരാവകാശ നിയമപ്രകാരം ഇപിഎഫ്ഒ നൽകിയ മറുപടിയിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.
2014ന് മുമ്പ് വിരമിച്ച രണ്ട് പേർക്ക് മാത്രമാണ് ഉയർന്ന പെൻഷൻ നൽകിയത്. ബാക്കി 8,399 പേർ 2014 സെപ്റ്റംബർ 1 വരെ അംഗങ്ങളായിരുന്ന വിഭാഗത്തിൽപ്പെട്ടവരാണ്. ഡിമാൻഡ് നോട്ടീസ് അയച്ചവരിൽ ആദ്യ വിഭാഗത്തിൽ 16 ഉം രണ്ടാമത്തെ വിഭാഗത്തിൽ 89,219 ഉം പേരാണുള്ളത്.
ആകെ ലഭിച്ച 17,48,775 അപേക്ഷകളിൽ 13.38 ലക്ഷം പേർ 2014 സെപ്റ്റംബർ 1 വരെ അംഗങ്ങളായിരുന്നു. നിരസിക്കപ്പെട്ട 1.48 ലക്ഷം അപേക്ഷകളിൽ 1.12 ലക്ഷം അപേക്ഷകളും 2014 ന് മുമ്പ് വിരമിച്ചവരായിരുന്നു.
അതേസമയം ഏകദേശം 14.3 ലക്ഷം അപേക്ഷകളാണ് ഇപിഎഫ്ഒയ്ക്ക് ലഭിച്ചത്. 3.14 ലക്ഷം അപേക്ഷകൾ ഇതുവരെ ഇപിഎഫ്ഒയ്ക്ക് കൈമാറിയിട്ടില്ല.