നമ്മുടെ വീടുകളിൽ എളുപ്പത്തിലുണ്ടാക്കുന്ന ഒരു പ്രഭാതഭക്ഷണമാണ് ഇഡ്ഡലി. ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവമായ ഇഡ്ഡലി വ്യത്യസ്ത രുചികളിൽ ഇന്ന് ലഭ്യമാണ്. ഓട്സ് ഉപയോഗിച്ച് ആരോഗ്യകരവും രുചികരവുമായ ഇഡ്ഡലി എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.
ഓട്സ് ഇഡ്ഡലിയുണ്ടാക്കാനായി ഓട്സ്, പുളിയുള്ള ഇഡ്ഡലി മാവ് (അല്ലെങ്കിൽ തൈര്), വെള്ളം, ഉപ്പ്, ഇഷ്ടമുള്ള പച്ചക്കറികൾ ഗ്രേറ്റ് ചെയ്തത് (ആവശ്യമെങ്കിൽ) എന്നീ ചേരുവകൾ എടുക്കുക.
ഓട്സ് ഒരു പാനിൽ കുറച്ച് നേരം വറുത്തെടുക്കുക. ശേഷം വറുത്തെടുത്ത ഓട്സ് തണുക്കാനായി വയ്ക്കുക. തണുത്ത ശേഷം ഈ ഓട്സ് ഒരു ബ്ലെൻഡറിലോ ഫുഡ് പ്രോസസറിലോ നന്നായി പൊടിച്ചെടുക്കുക.
ഒരു പാത്രത്തിൽ നന്നായി പൊടിച്ചെടുത്ത ഓട്സ് പൊടിയും പുളിയുള്ള ഇഡ്ഡലി മാവും (അല്ലെങ്കിൽ തൈര്) മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവിൻ്റെ രൂപത്തിലാക്കുക.
ആവശ്യമെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പച്ചക്കറികൾ (ക്യാരറ്റ്, ബീൻസ്, ഗ്രീൻപീസ്, ബീറ്റ്റൂട്ട്..) ഈ മാവിലേക്ക് ചേർക്കുക. മാവിന് ആവശ്യമായ ഉപ്പും ഇതിലേക്ക് ഇപ്പോൾ ചേർക്കാം.
ഇഡ്ഡി തയ്യാറാക്കാനായി ഇഡ്ഡലി കുട്ടകം അല്ലെങ്കിൽ ഒരു സ്റ്റീമറിൽ വെള്ളം നിറച്ച് തിളപ്പിക്കുക. ഇഡ്ഡലി തട്ടുകളിൽ ലേശം എണ്ണ പുരട്ടി ഇതിലേക്ക് തയ്യാറാക്കിയിരിക്കുന്ന ഇഡ്ഡലി മാവ് ഒഴിക്കുക.
ഇഡ്ഡലി 10 - 12 മിനിറ്റ് വരെ ആവിയിൽ വേവിച്ച ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. സ്വാദിഷ്ടവും ആരോഗ്യകരവുമായ ഓട്സ് ഇഡ്ഡലി തേങ്ങാ ചമ്മന്തി അല്ലെങ്കിൽ സാമ്പാറിൻ്റെ കൂടെ ആസ്വദിക്കൂ.