നമ്മൾ കഴിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ പോലും വെറും വയറ്റിൽ കഴിക്കുമ്പോൾ ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടായേക്കാം. ഒഴിഞ്ഞ വയറിൽ നാം കഴിക്കാൻ പാടില്ലാത്ത ഭക്ഷണപാനീയങ്ങൾ ഇവയാണ്.
ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ്ഫ്രൂട്ട് എന്നിവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യം ശ്രദ്ധിക്കുന്നവർക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നിരുന്നാലും ഇവ വെറുംവയറ്റിൽ കഴിക്കുമ്പോൾ ആസിഡ് ഉൽപാദനം വർധിക്കുകയും നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രൈറ്റിസ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.
രാവിലെ കാപ്പി കുടിച്ചാണ് പലരും ദിവസം ആരംഭിക്കുന്നത്. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് പ്രതികൂല ഫലങ്ങളുണ്ടാക്കും. വയറ്റിൽ ആസിഡിൻ്റെ ഉൽപാദനം വർധിപ്പിച്ച് ദഹനക്കേടും അസ്വസ്ഥതയും ഉണ്ടാകും.
പേസ്ട്രികൾ, കുക്കീസ്, പഴച്ചാറുകൾ പോലെയുള്ള മധുരമുള്ള ഭക്ഷണങ്ങൾ രാവിലെ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും.
പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നത് ആരോഗ്യകരമാണെന്ന് നമ്മുക്ക് അറിയാം. എന്നാൽ വെറും വയറ്റിൽ ഇത് കഴിക്കുന്നത് അത്ര നല്ല ഓപ്ഷനല്ല. പച്ചക്കറികളിലെ ഉയർന്ന ഫൈബർ കണ്ടൻ്റ് വയറിനെ അസ്വസ്ഥമാക്കുകയും ഗ്യാസ്, വയർ വീർക്കൽ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.
എരിവുള്ള ഭക്ഷണങ്ങൾ ഏത് സമയത്താണെങ്കിലും ദഹനവ്യവസ്ഥയെ ബുദ്ധിമുട്ടിക്കാറുണ്ട്. വെറും വയറ്റിൽ അത് കൂടുതൽ ദോഷകരമാണ്. മുളക്, വെളുത്തുള്ളി, ഹോട്ട് സോസുകൾ തുടങ്ങിയവ വയറിലെ ലൈനിംഗിനെ അസ്വസ്ഥമാക്കുകയും ദഹനക്കേട്, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.
എപ്പോൾ വേണമെങ്കിലും കഴിക്കാവുന്ന ഒരു ഭക്ഷണമായിട്ടാണ് പഴത്തെ നാം കാണുന്നത്. എന്നാൽ വെറും വയറ്റിൽ പഴം കഴിക്കുന്നത് അത്ര നല്ലതല്ല. പഴത്തിൽ മഗ്നീഷ്യം ധാരാളമുണ്ട്. വെറും വയറ്റിൽ പഴം കഴിക്കുമ്പോൾ രക്തത്തിൽ മഗ്നീഷ്യത്തിൻ്റെ അളവ് അതിവേഗം വർധിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക