ദിവസവും തെെര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും. പാൽ ഫെർമെൻ്റ് ചെയ്തെടുക്കുന്ന തൈര് പ്രോബയോട്ടിക്സ്, പ്രോട്ടീനുകൾ, കാൽസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്.
മെച്ചപ്പെട്ട ദഹനം, പ്രതിരോധശേഷി, ശക്തമായ അസ്ഥികൾ തുടങ്ങി നിരവധി ഗുണങ്ങളാണ് തൈരിലൂടെ ലഭിക്കുന്നത്. ഉച്ചഭക്ഷണത്തോടൊപ്പം ദിവസവും തൈര് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്.
തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. കുടലിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ബാക്ടീരിയകളാണ് ഇവ. ദഹനം മെച്ചപ്പെടുത്തുന്നതിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ദഹനനാളത്തിൻ്റെ തകരാറുകൾ തടയുന്നതിനും തൈര് സഹായിക്കുന്നു.
തൈരിലെ പ്രോബയോട്ടിക്സ്, ആൻ്റിബോഡികളുടെ ഉത്പാദനവും രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനവും വർധിപ്പിക്കുന്നു. ഇത് പ്രതിരോധ ശേഷി വർധിപ്പിച്ച് ശരീരത്തെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും കൂടുതൽ ഫലപ്രദമായി സംരക്ഷിക്കുന്നു.
തൈരിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ ധാതുക്കളാണിത്. ഇത് പതിവായി കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താനും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗാവസ്ഥകൾ തടയാനും സഹായിക്കുന്നു.
തൈരിൽ ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താൻ സഹായിക്കും. തൈര് പതിവായി കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവും രക്തസമ്മർദ്ദവും നിയന്ത്രിച്ച് ഹൃദയരോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
തൈരിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിന് പ്രകൃതിദത്തമായ എക്സ്ഫോളിയൻ്റായും മോയ്സ്ചറൈസറായും പ്രവർത്തിക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്തും ജലാംശം നിലനിർത്തിയും മിനുസമാർന്നതും ആരോഗ്യമുള്ളതുമായ ചർമ്മം ലഭിക്കുന്നതിനായി തൈര് സഹായിക്കുന്നു.
തൈരിലെ പ്രോട്ടീനും കൊഴുപ്പും കാർബോഹൈഡ്രേറ്റിൻ്റെ ദഹനത്തെ താമസിപ്പിക്കുന്നു. ഇത് രക്തത്തിലേക്ക് പഞ്ചസാര ക്രമേണ പുറത്തുവിടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയാൻ തൈര് കഴിക്കുന്നതിലൂടെ സഹായിക്കുന്നു,
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക