പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ഭൂമിയിലെ സ്വർഗമാണ് വയനാട്. ഒമ്പത് ഹെയർപിന്നുകളും കയറിച്ചെല്ലുമ്പോൾ ചുരം വ്യൂ പോയിന്റും പൂക്കോട് തടാകവും തേയിലതോട്ടങ്ങളും ഒക്കെയായി വയനാട് ഓരോ യാത്രികനെയും സ്വാഗതം ചെയ്യുന്നു.
കാടിനോട് ചേർന്ന് നിൽക്കുന്ന റിസോർട്ടുകളും വെള്ളച്ചാട്ടങ്ങളും വയനാടിനെ സഞ്ചാരികളുടെ ഇഷ്ട സ്ഥലമാക്കുന്നു. ഈ മഴക്കാലത്ത് വയനാട്ടിൽ സന്ദർശിക്കേണ്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇവയാണ്.
മണ്ണുകൊണ്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ അണക്കെട്ടുമാണ് ബാണാസുര സാഗർ. വിനോദസഞ്ചാരികൾക്കായി അണക്കെട്ടിൽ ബോട്ടിംഗ് സൗകര്യവും സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സിപ് ലൈനും ഉണ്ട്.
സുൽത്താൻ ബത്തേരിക്ക് അടുത്തുള്ള അമ്പുകുത്തി മലയിലെ പ്രകൃത്യാലുള്ള രണ്ട് ഗുഹകളാണ് എടക്കൽ ഗുഹകൾ. ഗുഹയിൽ കാണപ്പെടുന്ന ശിലാലിഖിതങ്ങൾ ഇതിനെ ആകർഷകമാക്കുന്നു. പ്രാചീനമായ ചിത്രങ്ങളും പിൽക്കാലത്ത് രേഖപ്പെടുത്തിയ ലിപികളും ഇവിടെ കാണാം.
വയനാട്ടിൽ എത്തുന്നുവർ ഉറപ്പായും കണ്ടിരിക്കേണ്ടവയാണ് വെള്ളച്ചാട്ടങ്ങൾ. സാഹസിക മല കയറ്റക്കാർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് സൂചിപ്പാറ വെള്ളച്ചാട്ടം. മഴക്കാലത്ത് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് പ്രത്യേക ഭംഗിയാണ്.
ബോട്ട് യാത്ര, കയാക്കിങ് തുടങ്ങിയവ ഇഷ്ടപ്പെടുന്നവർ സന്ദർശിക്കേണ്ട സ്ഥലമാണ് പൂക്കോട് തടാകം. സമുദ്രനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പൂക്കോട് തടാകത്തിന് ചുറ്റും വനപ്രദേശമാണ്.
വയനാടിനെ ഊട്ടിയുമായി ബന്ധിപ്പിക്കുന്ന വഴിയിലാണ് മീൻമുട്ടി വെള്ളച്ചാട്ടം. ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് മീൻമുട്ടി. സുൽത്താൻ ബത്തേരിക്ക് സമീപമുള്ള വെള്ളച്ചാട്ടമായ ചെതലയം വെള്ളച്ചാട്ടം സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്.
വയനാടിന്റെ തെക്ക് കിഴക്കൻ ഭാഗത്താണ് നീലിമല. നീലിമലയിലേക്കുള്ള നടത്തം സാമാന്യം സാഹസികമായ ഒരു അനുഭവമാണ്. മുകളിൽ എത്തിയാൽ മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ ദൃശ്യം അവിസ്മരണീയമാണ്.