ശരീരഭാരം കുറയ്ക്കുന്നതിനായി ഇന്ന് നിരവധി പേർ ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിംഗ് ചെയ്യാറുണ്ട്. മെറ്റാബോളിക് റേറ്റ് വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. 16-20 മണിക്കൂർ വരെ ഉപവസിക്കുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ നിങ്ങൾക്ക് ഉൾപ്പെടുത്താവുന്ന പാനീയങ്ങൾ ഇവയാണ്.
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ കുടിക്കാവുന്ന പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീയിൽ കുറഞ്ഞ അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കാറ്റെച്ചിൻസ് എന്നറിയപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകളാൽ ഗ്രീൻ ടീ സമ്പുഷ്ടമാണ്.
ചെമ്പരത്തി, പെപ്പർമിൻ്റ്, ഇഞ്ചി, ചമോമൈൽ തുടങ്ങിയ എല്ലാ ഹെർബൽ ചായകളിലും കലോറി കുറവാണ്. അത് കൊണ്ട് ഉപവസിക്കുന്ന സമയത്ത് ഇവ കുടിക്കാവുന്നതാണ്. ഈ ചായകളിൽ സാധാരണയായി കഫീൻ ഉണ്ടാവാറില്ല.
ഫാസ്റ്റിംഗിനിടെ കുടിക്കാൻ പറ്റുന്ന മികച്ച പാനീയമാണ് നാരങ്ങാവെള്ളം. നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ പ്രവർത്തനത്തിന് സഹായകമാണ്. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ നാരങ്ങ വെള്ളം കുടിക്കുന്നത് വിശപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കും.
ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിംഗ് പിന്തുടരുന്നവർക്ക് പ്രിയപ്പെട്ട പാനീയമാണ് ബ്ലാക്ക് കോഫീ. പഞ്ചസാര ചേർക്കാത്ത കട്ടൻ കാപ്പിയിൽ കലോറി വളരെ കുറവാണ്. ഇതിലെ കഫീൻ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ദഹനത്തെ പിന്തുണയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ആപ്പിൾ സിഡെർ വിനെഗർ സഹായകമാണ്. ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിംഗിൽ കുടിക്കാൻ എസിവി ഒരു ഗ്ലാസ് വെള്ളത്തിൽ നേർപ്പിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.
ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിംഗിൽ ജീരകം വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധിക കലോറി കുറയ്ക്കാൻ സഹായിക്കും. അതോടൊപ്പം ജീരകത്തിന് ദഹനം മെച്ചപ്പെടുത്താനും ഉപാപചയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും കഴിയും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക