പച്ചയേക്കാൾ കിടിലം പർപ്പിൾ, ഗുണം അറിഞ്ഞാൽ ഞെട്ടും!
പച്ചക്കറി വാങ്ങാൻ പോകുമ്പോൾ പലപ്പോഴും നമ്മൾ ആസ്വദിച്ചിട്ടു വരുന്ന ഒന്നാണ് പർപ്പിൾ കാബേജ്. പക്ഷെ നമ്മൾ അതിന്റെ ഭംഗി ആസ്വദിച്ച ശേഷം ചെന്നെത്തുന്നത് പച്ച കാബേജിലേക്കായിരിക്കും അല്ലെ.
പച്ചയേക്കാൾ ആരോഗ്യഗുണമുള്ളത് പർപ്പിൾ കാബേജിനാണെന്ന പരമാർത്ഥം പലർക്കും അറിയില്ല. ഇതിന്റെ വില കുറച്ചു കൂടുതലാണ് എന്നതും മറ്റൊരു കാരണമാണ്. മാറ്റി വയ്ക്കുന്നതിന് മുൻപ് പർപ്പിൾ ക്യാബേജിന്റെ ഗുണങ്ങൾ ഒന്നറിയുന്നത് നല്ലതാ...
ആരോഗ്യഗുണത്തിന്റെ കാര്യത്തിൽ പച്ച കാബേജിനേക്കാൾ കിടുവാണ് പർപ്പിൾ കാബേജ്. വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഈ പച്ചക്കറിയെ ഉൾപ്പെടുത്താം. കലോറി കുറഞ്ഞ പച്ചക്കറിയാണ് പർപ്പിൾ കാബേജ്. ഒരു കപ്പ് കാബേജിൽ ആകെ 28 കലോറിയാണ് ഉള്ളത്.
ഇതിൽ തന്നെ 1.3 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. പച്ച കാബേജിനേക്കാൾ പത്തിരട്ടി വിറ്റാമിൻ എ പർപ്പിൾ കാബേജിലുണ്ട്. ഇതിന് പുറമേ വിറ്റാമിൻ എ,കെ,സി മാംഗനീസ്, വിറ്റാമിൻ ബി6 ഫോളേറ്റ്, തയാമിൻ, പൊട്ടാസ്യം, കാൽസ്യം എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പർപ്പിൾ കാബേജ് സൂപ്പറാണ്. ഇതിൽ അടങ്ങിയിരിക്കുന്ന സൽഫോർഫൈൻ ക്യാൻസറിനെ പ്രതിരോധിക്കുമെന്നാണ് പറയുന്നത്.
കാഴ്ചശക്തി മെച്ചപ്പെടുത്താനും പർപ്പിൾ കാബേജിന് കഴിയും. മക്യുലാർ ഡീജനറേഷൻ, തിമിരം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കും. ഇത് ശ്വേതരക്താണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
നാരുകളാൽ സമ്പുഷ്ടമായ പർപ്പിൾ കാബേജ് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.നാരുകളാൽ സമ്പുഷ്ടമായ പർപ്പിൾ കാബേജ് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
ഇതിനെ വേവിച്ചു കഴിക്കുന്നതിനേക്കാൾ ഗുണം അല്ലാതെ കഴിക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ സലാഡുകളിൽ കണ്ണുമടച്ച് ഉപയോഗിക്കാവുന്നതാണിത്. തോരനും മൊഴുക്കുപുരട്ടിയുമൊക്കെ ഉണ്ടാക്കുമ്പോൾ വെള്ളം ചേർക്കാതെ പാകം ചെയ്യാൻ ശ്രദ്ധിക്കുക. വെള്ളം ചേർക്കുന്നത് പോഷകഗുണങ്ങൾ കുറയാൻ കാരണമാകും.