അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളിൽ ഒന്നാണ് ഫ്രീസർ. മിച്ചം വരുന്ന ഭക്ഷണം ഫ്രിഡ്ജിനെക്കാൾ കൂടുതൽ നേരം സൂക്ഷിക്കാൻ ഫ്രീസറിന് കഴിയും. എന്നാൽ ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ലാത്ത കുറേ ഭക്ഷ്യ ഉൽപന്നങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇതിനെക്കുറിച്ച് കൂടുതലറിയാൻ വായിക്കുക.
ഒരിക്കലും ഫ്രീസറിൽ വയ്ക്കാൻ പാടില്ലാത്ത ഒന്നാണ് മുട്ടകൾ. ഒരു നിശ്ചിത താപനിലയിൽ താഴെയാകുമ്പോൾ മുട്ടയുടെ ഉള്ളിലെ ദ്രാവകം വികസിച്ച് അതിൻ്റെ തോട് പൊട്ടാൻ കാരണമാകും. ഇത് മുട്ട കേടാകാനും ഭക്ഷ്യയോഗ്യമല്ലാതാകുകയും ചെയ്യും.
ഫ്രീസറിൽ വച്ച പാൽ ഉടൻ ചൂടാക്കുമ്പോൾ അത് പിരിയാൻ സാധ്യതയുണ്ട്. കൃത്യമായിട്ട് ഉപയോഗിച്ചാൽ ഈ പാൽ ഭക്ഷ്യയോഗ്യമാണ്. ഫ്രിഡ്ജിൽ സാധാരണ താപനിലയിൽ പാൽ തണുപ്പിക്കുന്നതാണ് നല്ലത്.
ചീസ് ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ലാത്ത മറ്റൊരു പാലുത്പന്നമാണ്. ഫ്രീസ് ചെയ്ത ചീസ് ഭക്ഷ്യയോഗ്യമാണെങ്കിലും അതിൻ്റെ സ്ഥിരത നഷ്ടപ്പെടുന്നതിനും സ്വാദ് നഷ്ടപ്പെടുന്നതിനും കാരണമാകും.
ഉരുളക്കിഴങ്ങുകൾ ഫ്രീസ് ചെയ്യുന്നത് അവയുടെ ഘടനയും രുചിയും നിറവും മാറ്റാൻ ഇടയാക്കും. കിഴങ്ങിലെ ഉയർന്ന ജലാംശം മൂലമാണിത്. ബേക്ക് ചെയ്തതോ വേവിച്ചതോ ആയ ഉരുളക്കിഴങ്ങ് ഫ്രീസറിൽ ഒരിക്കലും സൂക്ഷിക്കാൻ പാടുള്ളതല്ല.
ഫ്രീസറിൽ സൂക്ഷിച്ച മയോണൈസ് പിരിഞ്ഞത് പോലെയാകും. മയോണൈസിൻ്റെ രുചി, ഘടന എന്നിവ ഇത് മൂലം മാറുകയും ഭക്ഷ്യയോഗ്യമല്ലാതാകുകയും ചെയ്യും.
ഫ്രഞ്ച് ഫ്രൈസ്. ഫ്രൈഡ് ചിക്കൻ, മൊസറെല്ല സ്റ്റിക്ക് ഉൾപ്പെടെ എന്തുമാകട്ടെ വറുത്ത ഭക്ഷണങ്ങൾ ഫ്രീസറിൽ വച്ചാൽ മൃദുവാകയും ക്രഞ്ചിനെസും ക്രിസ്പിനെസും സ്വാദും നഷ്ടമാവുകയും ചെയ്യും.
ഫ്രിഡ്ജ് പച്ചക്കറികളും പഴങ്ങളും ഫ്രഷായി ഇരിക്കാൻ സഹായിക്കുമെങ്കിലും ഫ്രീസർ സഹായിക്കുന്നില്ല. വെള്ളരിക്ക, ചീര, തണ്ണിമത്തൻ ഉൾപ്പെടെയുള്ള വെള്ളമടങ്ങിയ ഭക്ഷണങ്ങൾ ഒരിക്കലും ഫ്രീസ് ചെയ്യരുത്. ഇത് സ്വാദ്, ക്രിസ്പിനെസ്, ഗുണങ്ങൾ എന്നിവയില്ലാതാകാൻ കാരണമാകും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.