മലയാള സിനിമയിലെ മികച്ച യുവതാരങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന താരമാണ് ഷെയ്ൻ നിഗം. കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ പണംവാരിയ ചിത്രങ്ങളിലൊന്നായ ആർഡിഎക്സിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി ഷെയ്ൻ തകർത്താടിയിരുന്നു.
ഇപ്പോഴിതാ ഷെയ്നിൻ്റെ യാത്രകൾക്കായി ഒരു പുതിയ കൂട്ടാളിയെ കൂടെകൂട്ടിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയിലെ ഇപ്പോഴത്തെ ചർച്ചാവിഷയവും ഷെയ്നിൻ്റെ പുത്തൻ കാറിനെ കുറിച്ചാണ്.
മെഴ്സിഡീസ് ബെൻസിൻ്റെ അത്യാഡംബര എസ് യു വി മെഴ്സിഡീസ് മെയ്ബാക്ക് ജിഎൽഎസ് 600 ആണ് ഷെയ്ൻ സ്വന്തമാക്കിയ പുതിയ വാഹനം. 3.80 കോടി രൂപ ഓൺറോഡ് വിലവരുന്ന വാഹനമാണ് 28കാരൻ സ്വന്തമാക്കിയത്.
മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയും മെഴ്സിഡീസ് മെയ്ബാക്ക് ജിഎൽഎസ് 600 ഇതിന് മുമ്പ് സ്വന്തമാക്കിയിരുന്നു.
മെഴ്സിഡീസ് കാര്‍ ഡീലര്‍ഷിപ്പായ ബ്രിജ്‌വേ മോട്ടോര്‍സാണ് ഷെയ്ൻ പുത്തന്‍ വാഹനം സ്വന്തമാക്കിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. കുടുംബത്തോടൊപ്പമെത്തിയാണ് ഷെയ്ൻ വാഹനം സ്വന്തമാക്കിയത്.
ജര്‍മ്മന്‍ വാഹന ഭീമനായ മെര്‍സിഡസ് ബെന്‍സിന്റെ സൂപ്പര്‍ ലക്ഷ്വറി വിഭാഗത്തിലുള്ള മോഡലുകളാണ് മെയ്ബാക്ക്. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബാക്ക് വാഹനമാണ് ജിഎൽഎസ്.
2022ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ശേഷം ബോളിവുഡ് താരങ്ങൾക്കിടെ ഈ വാഹനം വലിയ ജനപ്രീതി നേടിയിരുന്നു. മോളിവുഡിൽ ഈ വാഹനം ആദ്യമായി സ്വന്തമാക്കിയത് മമ്മൂട്ടിയും ദുൽഖറുമാണ്.
നാലു സോണായി തിരിച്ചിട്ടുള്ള ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ, വെന്റിലേറ്റഡ് മുന്‍–പിൻ സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, ബർമെസ്റ്റർ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്.
സൂരക്ഷയ്ക്കായി എട്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, ലൈൻ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയർ പ്രെഷർ മോണിറ്റർ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.
നാലു ലീറ്റർ ട്വീൻ ടർബോ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. 557 bhp പവറും 730 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന എഞ്ചിന്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് വരുന്നത്.