കാൻ ചലച്ചിത്ര മേളയുടെ ഭാഗമായുള്ള പിയർ ആഞ്ജിനൊ പുരസ്കാരം സ്വന്തമാക്കി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ. ഈ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനാണ് അദ്ദേഹം
ലോക സിനിമയിലെ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് അവരുടെ അനുപമായ സംഭാവനയ്ക്ക് 2013 മുതൽ നൽകിവരുന്ന പുരസ്‌ക്കാരമാണ് പിയർ ആഞ്ജിനൊ പുരസ്കാരം
ആധുനിക സൂം ലെൻസുകളുടെ പിറവിക്ക് കാരണക്കാരനായ പിയർ ആഞ്ജിനൊയുടെ സ്മരണയ്ക്കായി കാൻ ചലച്ചിത മേളയുമായി സഹകരിച്ച് നൽകിവരുന്ന പുരസ്കാരമാണ് പിയർ ആഞ്ജിനൊ എക്സെലെൻസ് ഇൻ സിനിമാറ്റോഗ്രാഫി പുരസ്കാരം
മൺമറഞ്ഞ അമ്മയും അച്ഛനും സഹോദരനും ഇപ്പോഴിതു കണ്ട് സന്തോഷിക്കുന്നുണ്ടാകുമെന്നു പറഞ്ഞ സന്തോഷ് ജന്മനാടായ കേരളത്തിനോടാണ് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നതെന്നും വേദിയിൽ പറഞ്ഞു
വിവിധ ഭാഷകളിൽ കഴിവുതെളിയിച്ച സന്തോഷ് ശിവന് 12 ദേശീയ പുരസ്കാരവും നാല് കേരള സംസ്ഥാന പുരസ്കാരവും മൂന്ന് തമിഴ്നാട് സംസ്ഥാന പുരസ്കാരവും നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്
ലൈറ്റിങ്ങിലും ഫ്രെയിമിങ്ങിലും കളറിങ്ങിലുമെല്ലാം തൻ്റേതായ കയ്യൊപ്പ് പതിപ്പിക്കുന്നതിൽ ഒരു മാസ്റ്റർ ക്രാഫ്റ്റ്മാനായിരുന്നു സന്തോഷ്. റോജ, ദളപതി, ദിൽസേ, ഇരുവർ, പെരുന്തച്ചൻ, യോദ്ധ, വാനപ്രസ്ഥം തുടങ്ങിയ സിനിമകളിൽ അത് പ്രകടമാണ്
അശോക, ടെററിസ്റ്റ്, അനന്തഭദ്രം, ഉറുമി, ബിഫോർ ദി റെയിൻസ് തുടങ്ങി ഏതാനും സിനിമകൾ സംവിധാനം ചെയ്ത സന്തോഷ് ശിവന് രാജ്യം 2014ൽ പത്മശ്രീ നൽകി ആദരിച്ചു
മോഹൻലാൽ, ഷാരൂഖ് ഖാൻ, അമീർ ഖാൻ, കരൺ ജോഹർ, മണിരത്നം, മീരാ നായർ, സുരേഷ് ഗോപി, വിദ്യാ ബാലൻ, കരീന കപ്പൂർ തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകർ സന്തോഷ് ശിവൻ്റെ നേട്ടത്തെ അഭിനന്ദിച്ചു
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്.