കേരളത്തിൻ്റെ സംസ്കാരിക തലസ്ഥാനമാണ് തൃശ്ശൂർ. വനങ്ങളും, കടൽത്തീരങ്ങളും മുതൽ മ്യൂസിയങ്ങളും ആരാധനാലയങ്ങളും വരെ സന്ദർശകരെ ആകർഷിക്കുന്ന നിരവധി കാര്യങ്ങളുള്ള നാടാണ് തൃശ്ശൂർ അഥവാ തൃശ്ശിവപേരൂർ. അവയിൽ ചിലത് നമ്മുക്ക് നോക്കാം.
തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന 65 ഏക്കർ കുന്നിന് ചുറ്റുമാണ് തൃശ്ശൂർ നഗരം സ്ഥിതി ചെയ്യുന്നത്. ഈ കുന്നിൻ മുകളിലാണ് വടക്കുംനാഥ ക്ഷേത്രം. ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരം അരങ്ങേറുന്നത് ഈ മൈതാനത്താണ്.
വൈഷ്ണവി ദേവിയുടെ പ്രതിഷ്ഠയുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിന് 1000 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. രാവിലെ 4 മുതൽ 11 വരെയും വൈകീട്ട് 4 മുതൽ 8 വരെയും ക്ഷേത്രത്തിൽ ദർശനം നടത്താം.
2,500 ചതുരശ്ര അടി വിസ്തീർണമുള്ള ഡോളേഴ്‌സ് ബസിലിക്ക ഇൻഡോ-ഗോതിക് ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെയും ഇരുനില ഇടനാഴികകളുള്ള രാജ്യത്തെ ഏറ്റവും വലുതുമായ ബസിലിക്കയാണ് ഇത്. സീറോ മലബാർ കത്തോലിക്കാ സഭയുടെ ആരാധനാലയമാണ് ഡോളേഴ്സ് ബസിലിക്ക.
കേരളത്തിലെ ഹിന്ദുമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ലോകപ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. തനതായ ആചാരങ്ങൾക്കും ഉത്സവങ്ങൾക്കും പേരുകേട്ടതാണ് ഈ ക്ഷേത്രം. ആനകളെ ഇഷ്ടമുള്ളവരാണ് നിങ്ങളെങ്കിൽ ക്ഷേത്രത്തിനടുത്തുള്ള ആനത്താവളവും സന്ദർശിച്ച് ക്ഷേത്രത്തിലെ ആനകളുടെ ദിനചര്യകൾ നിരീക്ഷിക്കാനാകും.
തൃശൂർ മ്യൂസിയത്തിൽ കേരള ചരിത്രത്തിൻ്റെ വിവിധ കാലഘട്ടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പുരാവസ്തുക്കളുടെ ഒരു വലിയ ശേഖരമുണ്ട്. രസകരമായ നിരവധി ഗാലറികൾ, മ്യൂറൽ പെയിൻ്റിംഗുകൾ, മരം കൊത്തുപണികൾ, നരവംശശാസ്ത്രപരമായ വസ്തുക്കൾ, ഈ പ്രദേശത്തെ ആദ്യകാല മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തുക്കൾ എന്നിവയുണ്ട്.
ഒരുകാലത്ത് കൊച്ചി ഭരണാധികാരികളുടെ വസതിയായിരുന്ന ഈ കൊട്ടാരം ഇപ്പോൾ ഒരു മ്യൂസിയമാണ്. ഡച്ച്, കേരള വാസ്തുവിദ്യാ ശൈലിയിലാണ് കൊട്ടാരം പണിതിരിക്കുന്നത്. പ്രസിദ്ധമായ തൃശൂർ പൂരത്തിന് തുടക്കമിട്ട ശക്തൻ തമ്പുരാൻ്റെ കിരീടം നിങ്ങൾക്ക് ഇവിടെ കാണാം.
കേരള കലാമണ്ഡലം, പീച്ചി ഡാം, വന്യജീവി സങ്കേതം, ചാവക്കാട് ബീച്ച്, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ എന്നിവയാണ് തൃശൂർ ജില്ലയിലെ മറ്റ് കാഴ്ചകൾ