മഴക്കാലത്ത് വില്ലനായെത്തുന്ന മൈഗ്രേൻ തലവേദന തടയാൻ ഇക്കാര്യങ്ങൾ ശീലമാക്കൂ!!
നിരവധി പേർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മൈഗ്രേൻ. പ്രത്യേകിച്ച് മഴക്കാലത്ത്. മൈഗ്രേൻ വേദന അധികമായി കഴിഞ്ഞാൽ അത് നമ്മുടെ മറ്റ് ദൈനംദിന പ്രവർത്തികളെ കൂടി ബാധിക്കും.
ശരീരത്തിൽ നിര്‍ജലീകരണം ഉണ്ടായാൽ അത് മൈഗ്രേന് കാരണമായേക്കാം. അതിനാൽ ദിവസവും കുറഞ്ഞത് 8 മുതല്‍ 10 ഗ്ലാസ് വരെ വെള്ളമെങ്കിലും കുടിക്കേണ്ടത് പ്രധാനമാണ്.
ഉറക്കം കൃത്യമായി ലഭിച്ചില്ലെങ്കിൽ അത് പലപ്പോഴും മൈഗ്രേൻ തലവേദനയ്ക്ക് കാരണമാകും. 7 മുതല്‍ 9 മണിക്കൂര്‍ വരെ രാത്രിയിൽ ഉറങ്ങണം. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എണീക്കുകയും ചെയ്യാൻ ശ്രമിക്കുക.
ജീവിതത്തിൽ നമുക്കുണ്ടാകുന്ന സമ്മർദ്ദം പല അസുഖങ്ങൾക്കും കാരണമാകാറുണ്ട്. മൈഗ്രേനും അത്തരത്തിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ സമ്മർദ്ദം നിയന്ത്രിക്കുന്നത് മൈഗ്രേന്റെ തീവ്രതയും ആവൃത്തിയും കുറയ്‌ക്കാൻ സഹായിക്കും.
അന്തരീക്ഷ മര്‍ദ്ദം, ഈര്‍പ്പം പോലുള്ള കാലാവസ്ഥ മാറ്റങ്ങള്‍ ഉണ്ടാകുമ്പോൾ അതിനായി നമ്മളും കരുതിയിരിക്കണം.
സംസ്‌കരിച്ച ഭക്ഷണം, ചീസ്, ചോക്ലേറ്റ്, കഫീന്‍, മദ്യം തുടങ്ങിയവ മൈഗ്രേന് കാരണമാകാറുണ്ട്. കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ അടങ്ങിയ സന്തുലിത ഭക്ഷണക്രമം പിന്തുടരാൻ ശ്രമിക്കുക.
പെപ്പര്‍മിന്റ്, ലാവന്റര്‍ പോലുള്ള എണ്ണകള്‍ മൈഗ്രേൻ വേദന കുറയ്‌ക്കാന്‍ സഹായിക്കും. ഇവ നേര്‍പ്പിച്ച് നെറ്റിയിലും കഴുത്തിലും പുരട്ടാവുന്നതാണ്.
സ്ക്രീൻ ടൈം പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. അധിക നേരം സ്ക്രീനിൽ നോക്കിയിരിക്കുന്നത് കണ്ണിന് സമ്മർദ്ദം ഉണ്ടാക്കുകയും അതിലൂടെ മൈഗ്രേന് കാരണമാകുകയും ചെയ്യും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക