നമ്മൾ പലരും സ്ഥിരമായി അനുഭവിക്കുന്ന ഒരു അവസ്ഥയാണ് ശരീരത്തിൽ നിന്നുണ്ടാകുന്ന ദുർഗന്ധം. ദിവസവും പല തവണ കുളിക്കുന്ന സ്ഥിരമായി പെർഫ്യൂ ഉപയോഗിക്കുന്ന ആളുകളിൽ പോലും ഈ അവസ്ഥയുണ്ടാകാറുണ്ട്.
നമ്മൾ കഴിക്കുന്ന ഭക്ഷണവും ശരീര ദുർഗന്ധവുമായി ബന്ധമുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ഉള്ളി, കുരുമുളക് തുടങ്ങിയവ അങ്ങനെയുള്ള ചില ഭക്ഷണങ്ങളാണ്. എന്നാൽ ശരീര ദുർഗന്ധം അകറ്റി നിങ്ങളെ ഫ്രഷ് ആക്കി നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുമുണ്ട്.
നാരങ്ങയും ഓറഞ്ചും പോലുള്ള സിട്രസ് പഴങ്ങൾ ശരീരത്തിലെ വിഷവസ്തുക്കളുടെ ശേഖരണം കുറയ്ക്കുകയും അതുവഴി ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളർച്ച തടയുകയും ചെയ്യും. സിട്രസ് പഴങ്ങൾ ശരീരത്തിന് നല്ല ഉന്മേഷവും നൽകുന്നു.
ഗ്രീൻ ടീ, ചമോമൈൽ ടീ തുടങ്ങിയ ഹെർബൽ ചായകൾ ദഹനത്തെ മെച്ചപ്പെടുത്തുന്നു, അതിനാൽ കുടലിൽ അനാവശ്യമായ അവശിഷ്ടങ്ങൾ ഉണ്ടാകുന്നത് തടഞ്ഞ് ശരീരത്തിൽ ദുർഗന്ധമുണ്ടാകുന്നത് തടയുന്നു.
ഉലുവയുടെ വിത്തുകൾക്കും ഇലകൾക്കും ദുർഗന്ധത്തെ ചെറുക്കാനുള്ള കഴിവുണ്ട്. അത് നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ തടയുന്നു എന്നാണ് വിദഗ്ധർ പറയുന്നത്.
ധാരാളം പച്ച ഇലക്കറികൾ കഴിക്കുന്നത് പല വിധത്തിൽ ഗുണം ചെയ്യും. ചീരയിലും, ലെറ്റ്യൂസ് തുടങ്ങിയവയിലൊക്കെ ഉയർന്ന അളവിൽ ക്ലോറോഫിൽ അടങ്ങിയിട്ടുണ്ട്, ഇത് ദുർഗന്ധം ഉണ്ടാക്കുന്ന സംയുക്തങ്ങളെ നിർവീര്യമാക്കാൻ സഹായിക്കുന്നു.
ഏലക്കയും കറുവപ്പട്ടയും ഭക്ഷണത്തിൽ ചേർക്കുന്നത് രുചി വർധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക സുഗന്ധം വർധിപ്പിക്കുകയും ചെയ്യും
നാരങ്ങയിലെ ഉയർന്ന അളവിലുള്ള ആൻ്റിഓക്‌സിഡൻ്റുകളും അസിഡിക് ഗുണങ്ങളും ശരീരത്തെ അണുവിമുക്തമാക്കുന്നു. എങ്കിലും ദുർഗന്ധത്തിന് കാരണമാകുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കി ശരീരത്തിനെ ശുദ്ധീകരിക്കുന്ന ഏറ്റവും മികച്ച പ്രകൃതിദത്തമായ വസ്തുവാണ് വെള്ളം.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക