എല്ലാ പ്രായക്കാരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നമാണ് മുടിക്കൊഴിച്ചിൽ. മുടിക്കൊഴിച്ചിൽ നിന്ന് രക്ഷനേടാൻ നമ്മൾ പല വഴികളും പരീക്ഷണങ്ങളും നടത്തും.
മുടിക്കൊഴിച്ചിലിനെ തടയാൻ ശ്രമിക്കുമ്പോഴും എന്തുകൊണ്ട് മുടിക്കൊഴിച്ചിൽ ഉണ്ടാകുന്നു എന്ന് പലരും ചിന്തിക്കാറില്ല. ഈ കാരണം കണ്ടെത്തിയാൽ തന്നെ മുടിക്കൊഴിച്ചിൽ ഒരു പരിധി വരെ തടയാനാകും.
ചില രോഗാവസ്ഥകൾ മുടിക്കൊഴിച്ചിലിന് കാരണമായേക്കാം. പ്രമേഹം, ലൂപ്പസ്, തൈറോയ്ഡ് രോഗം, ഇരുമ്പിൻ്റെ കുറവ് കാരണമുള്ള വിളർച്ച, വിറ്റാമിൻ ഡിയുടെ കുറവ് തുടങ്ങിയവ മൂലം മുടി കൊഴിച്ചിൽ ഉണ്ടായേക്കാം.
പല അസുഖങ്ങളുടെ മരുന്നുകൾക്കും പാർശ്വഫലങ്ങളുണ്ടാകും. റെറ്റിനോയിഡുകൾ, ഗർഭനിരോധന ഗുളികകൾ, ബീറ്റാ-ബ്ലോക്കറുകൾ, ചില ആൻ്റീഡിപ്രസൻ്റുകൾ, ഹോർമോൺ അടങ്ങിയ മരുന്നുകൾ തുടങ്ങിയവ മുടിക്കൊഴിച്ചിലിന് കാരണമായേക്കാം.
കടുത്ത മാനസിക സമ്മർദ്ദം അഥവാ സ്ട്രെസ് മുടികൊഴിച്ചിലിനും പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
അനാരോഗ്യമായ ഭക്ഷണ ശീലങ്ങൾ, പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവ മുടിക്കൊഴിച്ചിൽ ഉണ്ടാക്കും.
ക്രാഷ് ഡയറ്റ്, പോഷകാഹാരക്കുറവ് എന്നിവ മുടി കൊഴിച്ചിലിന് കാരണമാകും. ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, അമിതമായി ഭക്ഷണം കഴിക്കുക, പോഷകങ്ങൾ ശരിയായി ലഭിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ പോഷകാഹാരക്കുറവ് ഉണ്ടാകാം.
പ്രസവം, മേജർ സർജറി, പെട്ടെന്നുള്ള രക്തനഷ്ടം, മുടി മുറുക്കെ കെട്ടുന്ന ഹെയർസ്റ്റൈലുകൾ, കേടുപാടുകൾ വരുത്തിയേക്കാവുന്ന മുടി സംരക്ഷണം, തലയോട്ടിയിലെ ഫംഗസ് അണുബാധ എന്നിവയും മുടി കൊഴിച്ചിലിന് കാരണമാകും.