നല്ല വൃത്തിയുള്ള ലഞ്ച് ബോക്സ് ആണെങ്കിലും അതിൽ ദുർഗന്ധമുണ്ടെങ്കിൽ നാണക്കേടും അതോടൊപ്പം നിങ്ങളുടെ വിശപ്പും ആ ദിവസവും നശിപ്പിക്കും. മുൻദിവസങ്ങളിൽ ഭക്ഷണം കഴിച്ചിട്ട് വീട്ടിലെത്തി എത്ര കഴുകിയാലും ലഞ്ച്ബോക്സിലെ ആ ദുർഗന്ധം മാറാറില്ല.
ഒരു നല്ല ഉച്ചഭക്ഷണം ദിവസം മുഴുവനും ഉൽപ്പാദനക്ഷമതയും ശ്രദ്ധയും നിലനിർത്തുന്നതിന് ആവശ്യമായ ഊർജ്ജവും പോഷകങ്ങളും നൽകുന്നു. ലഞ്ച് ബോക്സിനുള്ളിലെ ഈ ദുർഗന്ധത്തെ മറികടക്കാൻ സഹായിക്കുന്ന ചില ലളിതമായ മാർഗ്ഗങ്ങൾ ഇതാ.
ലഞ്ച് ബോക്സിനുള്ളിൽ കുറച്ച് ബേക്കിംഗ് സോഡ വിതറി രാത്രി മുഴുവൻ വയ്ക്കുക. ബേക്കിംഗ് സോഡ ദുർഗന്ധവും ബാക്കിയുള്ള ഈർപ്പവും വലിച്ചെടുക്കും. ഇങ്ങനെ ചെയ്യുമ്പോൾ ലഞ്ച് ബോക്സ് വൃത്തിയുള്ളതും പുതിയതുപോലെയുമാകും.
ലഞ്ച് ബോക്സ് നാരങ്ങാനീരും വെള്ളവും ചേർത്ത മിശ്രിതത്തിൽ മണിക്കൂറുകളോളം മുക്കിവയ്ക്കുക. അല്ലെങ്കിൽ ഫ്രഷ് നാരങ്ങ തൊലി വെള്ളത്തിൽ തിളപ്പിച്ച് ലഞ്ച് ബോക്സിൽ ഇട്ടുവയ്ക്കുക. നാരങ്ങയിലെ സിട്രിക് ആസിഡ് ദുർഗന്ധം അകറ്റാൻ സഹായകമാണ്.
വിനാഗിരിയും വെള്ളവും തുല്യ അളവിൽ കലർത്തി, നിങ്ങളുടെ ലഞ്ച് ബോക്സിൽ ഒഴിക്കുക. ഇത് കുറച്ച് മണിക്കൂറുകളോ രാത്രി മുഴുവനോ ഇരിക്കട്ടെ. എന്നിട്ട് വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. ദുർഗന്ധമകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത ഡിയോഡറൈസറാണ് വിനാഗിരി.
ലഞ്ച് ബോക്സ് വൃത്തിയായി കഴുകിയതിന് ശേഷം ഫ്രീസറിൽ 4-5 മണിക്കൂർ വയ്ക്കുക. തണുത്ത താപനില ലഞ്ച് ബോക്സിൽ നിന്ന് കടുത്ത ദുർഗന്ധം അകറ്റാൻ സഹായിക്കും.
ലഞ്ച് ബോക്സുകളിൽ നിന്ന് വരുന്ന രൂക്ഷഗന്ധം ഇല്ലാതാക്കാൻ ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് കഷ്ണങ്ങളിൽ ഉപ്പ് പുരട്ടി ലഞ്ച് ബോക്സിൽ പുരട്ടുക. 15-20 മിനിറ്റ് അവയെ വച്ചേക്കുക. അതിനു ശേഷം ലഞ്ച് ബോക്സ് വെള്ളത്തിൽ വൃത്തിയാക്കുക.
ലഞ്ച് ബോക്സിൽ നിന്നും കുപ്പികളിൽ നിന്നും വരുന്ന ദുർഗന്ധം കുറയ്ക്കാൻ കറുവപ്പട്ട സഹായിക്കുന്നു. കറുവപ്പട്ട വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. ഈ വെള്ളം ലഞ്ച് ബോക്സിൽ ഒഴിച്ച് 10-15 മിനിറ്റ് ഇതുപോലെ വയ്ക്കുക. ശേഷം ചൂടുവെള്ളത്തിൽ നന്നായി കഴുകുക.