തമിഴ്നാട് കായിക മന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിനെ ശനിയാഴ്ച ഉപമുഖ്യമന്ത്രിയായി നിയമിച്ചു. ഉപമുഖ്യമന്ത്രിയായി നിയമിതനായ ഉദയനിധിയുടെ ആസ്തി, വിദ്യാഭ്യാസം, വിവാദങ്ങൾ എന്നിവയെ കുറിച്ച് അറിഞ്ഞാലോ?
46കാരനായ ഉദയനിധി സ്റ്റാലിന് കായിക മന്ത്രാലയത്തിന് പുറമെ ആസൂത്രണ വികസന വകുപ്പും അനുവദിച്ചിട്ടുണ്ട്. ചെപ്പോക്ക് - തിരുവല്ലിക്കേനി മണ്ഡലത്തിലാണ് ഉദയനിധി 2021 തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഉദയനിധി തൻ്റെ നിർമ്മാണ കമ്പനിയായ റെഡ് ജയൻ്റ് മൂവിസിലൂടെ തമിഴ് സിനിമ രംഗത്ത് ചുവടുറപ്പിച്ചു. 2012ൽ ഒരു കാൽ ഒരു കണ്ണാടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും അദ്ദേഹം കടന്നു.
11 വർഷത്തെ സിനിമാ ജീവിതത്തിൽ, 15 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയത്തിന് പുറമെ ഒരുപിടി മികച്ച സിനിമകളെ സ്ക്രീനിലെത്തിച്ച നിർമ്മാതാവാണ് അദ്ദേഹം. അവസാനമായി അഭിനയിച്ച ചിത്രം മാമന്നൻ മികച്ച അഭിപ്രായമാണ് ലഭിച്ചത്.
2021ലെ നിയമസഭ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രിക പ്രകാരം 33 കോടി രൂപയുടെ ആസ്തിയാണ് ഉദയനിധി സ്റ്റാലിനിലുള്ളത്. 22 ക്രിമിനൽ കേസുകൾ ഉദയനിധിയുടെ പേരിലുണ്ട്.
2023 സെപ്റ്റംബറിൽ സനാതന ധർമത്തെ "ഡെങ്കി", "മലേറിയ" എന്നിവയുമായി താരതമ്യം ചെയ്തതിന് ഉദയനിധി സ്റ്റാലിൻ വിവാദത്തിലായിരുന്നു. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഡോൺ ബോസ്കോ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെന്നൈ ലയോള കോളേജിൽ ചേർന്ന് 1997ൽ വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദവും നേടി.