ചന്ദ്രനെ തൊടാനും അടുത്ത് കാണാനും ആഗ്രഹിക്കാത്തവർ ഉണ്ടോ...? കുഞ്ഞായിരിക്കുമ്പോൾ പലരും ആവശ്യപ്പെട്ടതായിരിക്കും "എനിക്ക് ചന്ദ്രനെ പിടിച്ചു തരുമോ"യെന്ന്. ആ സ്വപ്നത്തെ നേരിൽ കണ്ട സന്തോഷത്തിലാണ് ഇന്നലെ തലസ്ഥാനനഗരി.
പ്രായഭേദമന്യേ ഇന്നലെ കനകക്കുന്നിൽ ചന്ദ്രനെ കാണാനെത്തിയവരെല്ലാം ഒരു കൊച്ചുകുഞ്ഞിനെ പോലെയാണ് ആ വിസ്മയത്തെ നോക്കിയത്.
കൈയ്യകലത്തിൽ എത്തിയ ചന്ദ്രനെ ക്യാമറകളിൽ പകർത്തിയും ഒപ്പം സെൽഫിയെടുത്തും ഇന്നലത്തെ സായാഹ്നം കടന്നു പോകുമ്പോൾ 'മ്യൂസിയം ഓഫ് ദ മൂൺ'ന് വലിയ വരവേൽപ്പാണ് തലസ്ഥാനനഗരി നൽകിയത്.
ബ്രിട്ടിഷുകാരനായ ലൂക്ക് ജെറം എന്ന ഇൻസ്റ്റലേഷൻ കലാകാരൻ സൃഷ്ടിച്ച ഭീമാകാരമായ ചാന്ദ്രമാതൃകയാണ് ഈ വിസ്മയത്തിന് പിന്നിൽ.
ജനുവരി 15ന് തോന്നയ്ക്കലിൽ ആരംഭിക്കാൻ പോകുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഒരു സൂചന മാത്രമാണ് ഈ പ്രദർശനം.
ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ലൂക് ജെറം മ്യൂസിയം ഓഫ് ദ മൂൺ ഉണ്ടാക്കിയിട്ടുള്ളത്. അവ കോർത്തിണക്കി 23 മീറ്റർ വിസ്താരമുള്ള ഹൈ റെസൊല്യൂഷൻ ചിത്രം തയ്യാറാക്കിയത്.
അമേരിക്കയിലെ അസ്‌ട്രോളജി സയൻസ് സെന്ററിലാണ് ഇതിന്റെ നിർമ്മാണം നടന്നത്. ഇരുപതു വർഷത്തിന്റെ പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക് ജെറം ആദ്യപ്രദർശനം സംഘടിപ്പിച്ചത്. ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധയിടങ്ങളിൽ ഇത് പ്രർശിപ്പിച്ചു കഴിഞ്ഞു.
കേരളത്തിലെ ആദ്യത്തേയും ഇന്ത്യയിലെ രണ്ടാമത്തേയും പ്രദർശനമാണ് കനകക്കുന്നിൽ നടന്നത്. ഇന്ത്യയിൽ ആദ്യമായി ഡെൽഹിയിലാണ് നടന്നത്.