2024 ടി-20 ലോകകപ്പ് സെമിയിൽ കടന്ന് അഫ്ഗാനിസ്ഥാൻ. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് അഫ്ഗാനിസ്ഥാൻ ലോകകപ്പ് സെമിയിൽ പ്രവേശനം നേടുന്നത്.
നിർണ്ണായകമായ അവസാന സൂപ്പർ 8 മത്സരത്തിൽ ബംഗ്ലാദേശിനെ 8 റൺസിന് തോൽപ്പിച്ചാണ് അഫ്ഗാൻ്റെ സെമി പ്രവേശനം. ട്വിസ്റ്റുകൾ മാറി മറിഞ്ഞ മത്സരത്തിൽ ശ്വാസമടക്കിയാണ് ഓരോ ക്രിക്കറ്റ് പ്രേമിയും മത്സരം കണ്ടത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ 20 ഓവറിൽ115/5 എന്ന സ്കോർ നേടിയപ്പോൾ, ബംഗ്ലാദേശിന്റെ ഇന്നിങ്സ് 105ൽ അവസാനിച്ചു. അഫ്ഗാനിസ്ഥാൻ്റെ ജയത്തോടെ വമ്പന്മാരായ ഓസ്ട്രേലിയ സെമിഫൈനൽ കാണാതെ പുറത്തായി.
43 റൺസെടുത്ത ഓപ്പണർ ഗുർബാസാണ് അഫ്ഗാൻ്റെ ടോപ് സ്കോറർ. 19 റൺസ് നേടിയ ക്യാപ്റ്റൻ റാഷിദ് ഖാനും അഫ്ഗാൻ്റെ സ്കോർ 100 കടത്താൻ സഹായിച്ചു.
അഫ്ഗാൻ ബൗളർമാർ അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ ബംഗ്ലാദേശ് ബാറ്റ്സ്മാൻമാരും പതറി. 54 റൺസെടുത്ത് പുറത്താകാതെ നിന്ന ലിറ്റൻ ദാസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
അഫ്ഗാന് വേണ്ടി നായകൻ റാഷീദ് ഖാനും നവീൻ ഉൾ ഹഖും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഇടക്ക് മഴ പെയ്തത് കളിയുടെ ഫ്ലോയെ ബാധിച്ചെങ്കിലും കാണികൾക്ക് വലിയ ആവേശമാണ് ഈ മത്സരം സമ്മാനിച്ചത്. നവീനാണ് കളിയിലെ താരം.
26ന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്ഥാൻ്റെ എതിരാളികൾ. ഇതുവരെ ഒരു മത്സരം പോലും തോൽക്കാതെയാണ് ദക്ഷിണാഫ്രിക്ക സെമിയിലേക്ക് കടന്നത്.
ആഘോഷം ടി-20 ലോകകപ്പ് സെമിഫൈനലിലേക്ക് അഫ്ഗാനിസ്ഥാൻ യോഗ്യത നേടിയതോടെ ക്രിക്കറ്റ് ആരാധകർ പൊതുനിരത്തുകളിൽ ഒത്തുകൂടിയതിൻ്റെ ചിത്രങ്ങൾ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.