കറിവേപ്പില ചായ ആരോഗ്യത്തിന് കിടുവാണ്, അറിയാം
കറിയിൽ സ്വദിന് വേണ്ടി ചേർക്കുന്ന ഒന്നാണ് കറിവേപ്പില. ഇത് എണ്ണയിൽ ഇട്ട് താളിച്ച് ചേർത്താൽ രുചി വേറെയാ.
നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ കറിവേപ്പില ചായയെ കുറിച്ച്. എന്നാൽ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഈ ചായയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും കുടിച്ചു തുടങ്ങും.
ദക്ഷിണേന്ത്യയിൽ കറിവേപ്പിലയ്ക്ക് പ്രിയം ഏറെയാണ്. എങ്കിലും കറിവേപ്പില ചായയുടെ കാര്യം അറിയുന്നത് വിരലിലെണ്ണാനുള്ളവർ മാത്രം. കറിവേപ്പില ചായ ഉണ്ടാക്കാൻ വലിയ പാടൊന്നുമില്ല കേട്ടോ.
ഒരു 25-30 കറിവേപ്പില ഇലകൾ ആദ്യം കഴുകിയെടുക്കുക. ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കുക ശേഷം ഗ്യാസ് ഓഫ് ചെയ്യുക. തുടർന്ന് ആ വെള്ളത്തിൽ ഈ ഇലകൾ ചേർക്കുക. വെള്ളത്തിന്റെ നിറം മാറുന്നത് വരെ കറിവേപ്പില ഇലകൾ തിളച്ച വെള്ളത്തിലിടുക. അതിനുശേഷം ചായ അരിച്ചെടുത്ത ഒരു കപ്പിൽ ഒഴിക്കുക.
കറിവേപ്പിലയിൽ മൃദുവായ പോഷകഗുണങ്ങളും ദഹന എൻസൈമുകളും ഉണ്ടെന്നാണ് ആയുർവേദം പറയുന്നത്. അത് നിങ്ങളുടെ മലവിസർജ്ജനം മെച്ചപ്പെടുത്തുകയും അതുവഴി ദഹനത്തെ സഹായിക്കുകയും ചെയ്യും.
പ്രമേഹ രോഗികൾക്ക് അനുയോജ്യമായ ചായയാണ് നിങ്ങൾ തിരയുന്നതെങ്കിൽ കറിവേപ്പില ചായ ബെസ്റ്റാണ്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
കറിവേപ്പിലയ്ക്ക് മൊത്തം ഫിനോളിക്സും ആന്റിഓക്സിഡന്റ് ഗുണങ്ങളും ഗണ്യമായ തോതിൽ ഉണ്ടെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ കറിവേപ്പില കൊണ്ടുള്ള ഈ ചായ നിങ്ങളുടെ ചർമ്മകോശങ്ങളെ നശിപ്പിക്കുന്നതിൽ നിന്നും ഫ്രീ റാഡിക്കലുകളെ തടയും.
കറിവേപ്പിലയ്ക്ക് ഒരു സുഗന്ധമുണ്ട് അത് നിങ്ങളുടെ ഞരമ്പുകളെ സമ്മർദ്ദം ഒഴിവാക്കി ശാന്തമാക്കാൻ സഹായിക്കും. നിങ്ങൾ ജോലിസ്ഥലത്ത് നിന്ന് ക്ഷീണച്ചാണ് വരുന്നതെങ്കിൽ നിങ്ങളുടെ സമ്മർദ്ദവും പിരിമുറുക്കവും ഒഴിവാക്കാൻ ഒരു കപ്പ് കറിവേപ്പില ചായയ്ക്കു കഴിയും.