ഓട്സ് ഇന്ന് ലോകമൊട്ടാകെ ഉപയോഗിക്കുന്ന ഒരു സൂപ്പർഫുഡായിട്ട് ഉയർന്നുവന്നിട്ടുണ്ട്. പ്രഭാതഭക്ഷണമായി സാധാരണയായി കഴിക്കുന്ന ഈ ധാന്യം പോഷകങ്ങളാൽ നിറഞ്ഞതാണ്.
ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഭക്ഷണമായ ഓട്സിൽ ആവശ്യത്തിലധികം ഡയറ്ററി ഫൈബറും ധാതുക്കളും അടങ്ങിയിട്ടുണ്ട്. വ്യത്യസ്തമായ ഓട്സുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. നിങ്ങൾ കഴിക്കണ്ടതും അറിഞ്ഞിരിക്കണ്ടതുമായ വ്യത്യസ്ത ഓട്സുകൾ ഇവയാണ്.
ഏറ്റവും പ്രോട്ടീൻ സമ്പുഷ്ടമായ ഓട്‌സാണ് ഹോൾ ഗ്രോട്ട് ഓട്സ്. ഓട്സിൻ്റെ ഏറ്റവും ശുദ്ധമായ രൂപമാണിത്. ഇത് മികച്ച ഘടനയുള്ളതും പാചകം ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നതുമാണ്. ടെക്സ്ച്ചർ വേറിട്ടുനിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന വിഭവങ്ങൾക്ക് ഈ ഓട്സ് ഉപയോഗിക്കാവുന്നതാണ്.
ഹോൾ ഓട്‌സ് ആവിയിൽ വേവിച്ച് തൊലികളഞ്ഞ് മൃദുവാക്കി റോളറുകൾക്കിടയിൽ അമർത്തി ഉണക്കി തയ്യാറാക്കുന്നതാണ് റോൾഡ് ഓട്‌സ്. ഓട്സിന്റെ എല്ല ഇനങ്ങളിലും വച്ച് ഏറ്റവും ജനപ്രിയം റോൾഡ് ഓട്സാണ്.
ഹോൾ ഓട്‌സ് മൂർച്ചയുള്ള സ്റ്റീൽ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുമ്പോൾ ഐറിഷ് ഓട്സ് എന്നും അറിയപ്പെടുന്ന സ്റ്റീൽ കട്ട് ഓട്‌സ് ലഭിക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള ഫൈബർ, അവശ്യ ബി വിറ്റാമിനുകൾ, ഇരുമ്പ് എന്നിവ നിങ്ങൾക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
റോൾഡ് ഓട്സിന് സമാനമായ ഒന്നാണ് ക്വിക്ക് ഓട്സ്. ക്വിക്ക് ഓട്സിന് റോൾഡ് ഓട്സിനെ അപേക്ഷിച്ച് കനം കുറവും വലിയ സർഫസ് ഏരിയയുമുണ്ട്. പാൻകേക്കിലും സ്മൂത്തികളിലും നിങ്ങൾക്ക് ഈ ഓട്സ് ചേർക്കാവുന്നതാണ്
ഇൻസ്റ്റന്റ് ഓട്‌സ് വളരെ നേർത്തതും കൂടുതൽ നേരം ആവി കയറ്റിയതും നിർജ്ജലീകരണം ചെയ്തതുമാണ്. ഇത് നിമിഷ നേരം കൊണ്ട് പാചകം ചെയ്യുവാൻ സാധിക്കുന്നതാണ്. ഇത് നന്നായി സംസ്കരിച്ച് വരുന്ന ഓട്സ് ആയതിനാൽ ഇവയ്ക്ക് മിക്ക പോഷകങ്ങളും നഷ്ടപ്പെടുന്നു.