ഉച്ചയ്ക്ക് നല്ല അസൽ കറികളോടൊപ്പം വയർ നിറയെ ചോറ് കഴിക്കാൻ ഇന്നും പല മലയാളികൾക്കും ഇഷ്ടമാണ്. എന്നാൽ ഇത് നല്ലയൊരു ശീലമല്ല പ്രത്യേകിച്ച് പ്രമേഹരോഗികൾക്ക്. പ്രമേഹരോഗികൾ വെള്ളചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്.
ബ്രൗൺ റൈസിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഗ്ലൈസമിക് സൂചിക വെള്ള അരിയെകാൾ ബ്രൗൺ റൈസിൽ കുറവാണ്. പ്രമേഹരോഗികൾക്ക് അതുകൊണ്ട് ആരോഗ്യകരമായി കഴിക്കാവുന്ന ഒന്നാണ് ബ്രൗൺ റൈസ്.
ബീറ്റാ ഗ്ലൂക്കൻ അടക്കമുള്ള ഫൈബർ ധാരാളം അടങ്ങിയ ധാന്യമാണ് ബാർലി. ഇത് കഴിക്കുന്നത് കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു. ബാർലി ഉപയോഗിച്ച് ദോശ, ചോറ്, സാലഡ് എന്നിവ ഉണ്ടാക്കി കഴിക്കാം.
അരിക്ക് പകരം കീൻവ ഉച്ചയ്ക്ക് കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നു. കീൻവയിൽ ധാരാളം പ്രോട്ടീനും ഫൈബറുകളും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് പ്രമേഹരോഗികളുടെ ആരോഗ്യത്തിന് നല്ലതാണ്.
കലോറിയും കാർബ്സും കുറവുള്ള കോളിഫ്ലവർ റൈസ് വെള്ള അരി കഴിക്കുന്നതിനെക്കാൾ നല്ലതാണ്. കോളിഫ്ലവർ റൈസിൽ ധാരാളം ഫൈബറും ആൻ്റി ഓക്സിഡൻ്റുകളും ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് സുരക്ഷിതമായി കഴിക്കാവുന്നതാണ്.
ധാരാളം ഫൈബറുകൾ അടങ്ങിയതും കലോറി കുറവുള്ളതുമായ ചീര സൂപ്പ് ഉച്ചയ്ക്ക് ചോറിന് പകരം പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതാണ്. വിശപ്പിനോടൊപ്പം ശരീരത്തിൽ ജലാംശം നിലനിർത്താനും ചീര സൂപ്പ് സഹായിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക