വീടുകളിൽ എളുപ്പത്തിൽ കണ്ടെത്താവുന്ന പ്രകൃതിദത്ത അണുനാശിനിയാണ് വിനാഗിരി. ബാക്ടീരിയകളെയും പൂപ്പലിനെയുമൊക്കെ എളുപ്പത്തിൽ നശിപ്പിക്കാൻ വിനാഗിരി കൊണ്ട് സാധിക്കും. എന്നാൽ വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ലാത്ത ചില സാധനങ്ങളുണ്ട്. അവ നോക്കാം.
കോഫി മഗ്ഗുകൾ വിനാഗിരി ഉപയോഗിച്ച് കഴുകിയാൽ വിനാഗിരിയുടെ രൂക്ഷ ഗന്ധം മഗ്ഗിലുണ്ടാകും. ഇത് നിങ്ങൾ കുടിക്കുന്ന പാനീയത്തിൻ്റെ സ്വാദിനെ ബാധിക്കും. പകരമായി ബേക്കിംഗ് സോഡയും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
വിനാഗിരി കാസ്റ്റ് അയൺ പാത്രങ്ങളുടെ സീസണിങ് ഇല്ലാതാക്കും. ഇത് പാത്രങ്ങൾ വേഗത്തിൽ തുരുമ്പിക്കാൻ കാരണമാകും. പാത്രം വൃത്തിയാക്കാൻ വിനാഗിരിക്ക് പകരം വെള്ളവും ബ്രഷും മാത്രം ഉപയോഗിക്കുക.
വിനാഗിരിയുടെ അസിഡിറ്റി സ്റ്റോൺ കൗണ്ടർടോപ്പുകൾക്ക് കേടുപാടുകൾ വരുത്തുകയും അവയെ മങ്ങൽ ഏൽപ്പിക്കുകയും ചെയ്യും. pH ന്യൂട്ട്രലായിട്ടുള്ള ക്ലീനറുകൾ ഉപയോഗിച്ച് വൃത്തിയാക്കിയാൽ കൗണ്ടർടോപ്പുകൾക്ക് വൃത്തിയും തിളക്കവുമുണ്ടാകും.
സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലും ഉപകരണങ്ങളിലും വിനാഗിരി ഉപയോഗിക്കാമെങ്കിലും അത് അവയെ മങ്ങലേൽപ്പിക്കും. സ്റ്റെയിൻലെസ് സ്റ്റീലിൻ്റെ തിളക്കം നിലനിർത്താൻ സോപ്പും വെള്ളവും ഉപയോഗിക്കുന്നതാണ് നല്ലത്.
ഹാർഡ് വുഡ് തറകളിൽ വിനാഗിരി ഉപയോഗിച്ചാൽ അതിലെ പ്രൊട്ടക്റ്റീവ് ഫിനീഷ് ഇല്ലാതാക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. തടിയിൽ ഉപയോഗിക്കാവുന്ന ക്ലീനർ മാത്രം ഉപയോഗിച്ച് ഹാർഡ് വുഡ് തറകൾ വൃത്തിയാക്കുക.
വിനാഗിരി മുട്ടയുമായി ചേരുമ്പോൾ അതിലെ പ്രോട്ടീൻ കട്ടിയാകുകയും അത് വൃത്തിയാക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്യും. മുട്ട പൊട്ടി പോയത് വൃത്തിയാക്കാൻ ചൂടുള്ള സോപ്പ് വെള്ളം ഉപയോഗിച്ചാൽ മതിയാകും.