ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികളും ഹൃദയാരോഗ്യം ശ്രദ്ധിക്കുന്നവരും ഡാഷ് ഡയറ്റ് പിന്തുടരുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഡാഷ് ഡയറ്റ് പിന്തുടരുന്നവർക്ക് ഒരു ദിവസം എന്തെല്ലാം കഴിക്കാമെന്ന് നോക്കാം. ഈ ഡയറ്റ് പിന്തുടരുന്നവർ ഉപ്പിൻ്റെ അളവ് കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.
തവിട് കളയാത്ത അരി, ഗോതമ്പ്, റാഗി, ഓട്‌സ്, ചോളം എന്നിവയിൽ ഏതെങ്കിലും ഒരു ധാന്യം ½ കപ്പ് വച്ച് നാല് മുതൽ ആറ് പോർഷൻ വരെ ഒരു ദിവസം കഴിക്കാവുന്നതാണ്.
ദിവസേനയുള്ള ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തണം. രക്തക്കുഴലുകളെ അയവുള്ളതാക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഇലക്കറികൾ കഴിക്കുന്നതാണ് ഉത്തമം. ഒരു നേരം 1 കപ്പ് പച്ചക്കറികളും 1 കപ്പ് ഫ്രൂട്ട്സും എന്നതാണ് അളവ്.
കൊഴുപ്പ് കുറഞ്ഞ പാൽ അല്ലെങ്കിൽ പാലുൽപന്നങ്ങളായ തൈര്, ചീസ്, യോഗർട്ട് എന്നിവ ദിവസേന രണ്ടോ മൂന്നോ തവണയായി കഴിക്കാവുന്നതാണ്. 1 കപ്പ് പാൽ അല്ലെങ്കിൽ തൈര്, അതുമല്ലെങ്കിൽ ഒന്നര ഔൺസ് ചീസ് എന്നതാണ് അളവ്.
ചിക്കൻ, മീൻ, മുട്ട എന്നിവ വറുത്ത് കഴിക്കാതെ ഗ്രിൽ ചെയ്തോ കറി വെച്ചോ കഴിക്കാവുന്നതാണ്. രണ്ടോ അതിൽ താഴെയോ പോർഷൻ മാത്രമേ കഴിക്കാവൂ. ഇവയിൽ ഏതെങ്കിലും പരമാവധി 3 ഔൺസ് എന്ന അളവിൽ മാത്രം കഴിക്കുക.
പയറുവർഗങ്ങളും കടല വർഗങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം. ഒരു ദിവസം ½ കപ്പ് പയറോ കടലയോ കഴിക്കാവുന്നതാണ്. ഏതെങ്കിലും വെജിറ്റബിൾ ഓയിൽ രണ്ട് മുതൽ മൂന്നു ടേബിൾ സ്‌പൂൺ വരെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഡാഷ് ഡയറ്റ് ചെയ്യുമ്പോൾ ആഡഡ് ഷുഗർ പരമാവധി കുറയ്ക്കുക. മധുരപലഹാരങ്ങൾ, ചോക്ലേറ്റ്സ്, മധുരപാനീയങ്ങൾ എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കേണ്ടതാണ്. 5 ടേബിൾ സ്‌പൂൺ മധുരം വരെ ഒരു ആഴ്ചയിൽ മൊത്തത്തിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക