ജാഫർ ഇടുക്കിയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമോസ് അലക്സാണ്ഡർ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. തൊടുപുഴ മലങ്കര എസ്റ്റേറ്റിലാണ് ചിത്രീകരണം തുടങ്ങിയത്.
മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പാലയ്ക്കൽ നിർമ്മിച്ച് നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സംവിധായകൻ അജയ് ഷാജിയുടെ മാതാപിതാക്കളായ ഷാജി -ശോഭന എന്നിവരും നാദിർഷയും ചേർന്ന് സ്വിച്ചോൺ കർമ്മവും ജാഫർ ഇടുക്കിയും ഭാര്യ സിമി ജാഫറും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്.
കലാഭവൻ ഷാജോൺ, സുനിൽ സുഗത, ഡയാനാ ഹമീദ്, ശ്രീജിത് രവി, അഷറഫ് പിലായ്ക്കൽ, രാജൻ വർക്കല എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. പുതുമുഖം താര ആണ് ഈ ചിത്രത്തിലെ നായിക.
നാദിർഷയും, നിർമ്മാതാവ് അഷറഫ് പാലയ്ക്കലിൻ്റെ കുടുംബാംഗങ്ങളും ചേർന്ന് ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചു.
പൂർണ്ണമായും ഡാർക്ക് ക്രൈം ത്രില്ലറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ആമോസ് അലക്സാണ്ഡർ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജാഫർ ഇടുക്കിയാണ്. മീഡിയ പ്രവർത്തകൻ്റെ വേഷമാണ് ഈ ചിത്രത്തിൽ അജു വർഗീസ് അവതരിപ്പിക്കുന്നത്.
രചന - അജയ് ഷാജി - പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ, സംഗീതം - മിനി ബോയ്, ഛായാഗ്രഹണം - പ്രമോദ് കെ. പിള്ള, എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്.
തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.