Kerala Rain Live Updates: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ തുടരുന്നു. കൊച്ചിയിൽ കടലാക്രമണം രൂക്ഷം. പത്തനംതിട്ടയിലും ആലപ്പുഴയിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു.
കേരളത്തിൽ ഇന്ന് (08 ജൂലൈ 2023) വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും തുടർന്ന് മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
Latest Updates
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ പാത്തി നിലനിൽക്കുന്നുവെന്നും വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തെള്ളകം തുരുത്തേൽ ഭാഗത്ത് വെള്ളത്താൽ ചുറ്റപ്പെട്ട് പത്തോളം കുടുംബങ്ങൾ. ഇവരുടെ വീടുകളി ലേക്കുള്ള വഴി വെള്ളത്തിൽ മുങ്ങി.
മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ തുംപമൺ സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ കേന്ദ്ര ജല കമ്മീഷൻ (സിഡബ്ല്യുസി) യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്. മലയോര മേഖലകളിലും തീരദേശത്തും ജാഗ്രത നിർദേശം.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. കിഴക്കൻ വെള്ളത്തിൻ്റെ വരവ് ശക്തം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. അച്ചൻകോവിലാർ കരകവിഞ്ഞ് കരുവാറ്റയിലും പള്ളിപ്പാടും വീടുകളിൽ വെള്ളം കയറി. കരുവാറ്റയിൽ പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിൽ.
പത്തിയൂർ കരിപ്പൂഴ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആളെ കാണാതായി. പത്തിയൂർ ശ്രീശൈലം വീട്ടിൽ ഗോപാലനെ (66) ആണ് കാണാതായത്. പത്തിയൂർ പഞ്ചായത്ത് ഓഫീസിനെ കിഴക്ക് ഭാഗത്തായി മെയിൻ കനാലിനോട് ചേർന്ന ഭാഗത്താണ് ഗോപാലനെ കാണാതായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ ഇവിടെ മീൻ പിടിക്കാൻ പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. രാവിലെ കായംകുളത്ത് നിന്നുള്ള ഫയർഫോഴ്സ് സംഘം തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാൽ തിരച്ചിൽ നിർത്തി. തുടർന്ന് ആലപ്പുഴയിൽ നിന്നുള്ള സ്കൂബ ടീം സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്.
കാസർകോട് പുഴകൾ കരകവിഞ്ഞൊഴുകുന്നു. കടലാക്രമണം രൂക്ഷം. കൊച്ചിയിൽ പുലർച്ചെ മുതൽ കനത്ത മഴയും കടലാക്രമണവും. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളം കയറി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.
വടക്കൻ കേരളത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. മലയോര, തീരദേശ മേഖലകളിൽ ജാഗ്രത തുടരാൻ നിർദ്ദേശം.