''ഒരേ ഒരിന്ത്യ ഒരൊറ്റ ലത''

തള്ളി പറച്ചിലുകളില്‍ നിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ ലതാ പിന്നീടങ്ങോട്ട് കൈ വെച്ചതെല്ലാം പൊന്നായി മാറുകയായിരുന്നു.

Last Updated : Sep 28, 2018, 04:53 PM IST
''ഒരേ ഒരിന്ത്യ ഒരൊറ്റ ലത''

ന്ത്യന്‍ സിനിമയുടെ ബാല്യ കൗമാര യൗവ്വനങ്ങളിലൂടെ കടന്നുവന്ന് ഭാരതീയ സംഗീതത്തിന്‍റെ വാനമ്പാടിയായി മാറിയ  ലതാ മങ്കേഷ്കറിന് ഇന്ന് 89 ാം പിറന്നാള്‍. 

1943 ല്‍, തന്‍റെ പതിമൂന്നാം വസ്സില്‍ സംഗീത ലോകത്തിലേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ 15 ഭാഷകളിലായി നാല്‍പതിനായിരത്തോളം സിനിമാഗാനങ്ങള്‍ ആലപിച്ചുകഴിഞ്ഞു. 

60 വര്‍ഷത്തിലധികം ഇന്ത്യന്‍ സിനിമയുടെ സജീവ ശബ്ദസാന്നിദ്ധ്യമായി മാറിയ ലതാ സംഗീതത്തിനായി നല്‍കപ്പെടുന്ന ഒട്ടുമിക്ക ദേശീയ പുരസ്‌കാരങ്ങളിലും ഭാഗമായി.

ക്ലാസിക്കല്‍ റൊമാന്‍റിക്, ഗസല്‍, ഭജന്‍ എന്നിങ്ങനെ സംഗീതത്തിന്‍റെ എല്ലാ മേഖലകളിലും കൈ വെച്ചിട്ടുള്ള ലതാ മങ്കേഷ്‌കര്‍ ഇപ്പോള്‍ പിന്നണി ഗാനരംഗത്തു നിന്നും അകന്നു നില്‍ക്കുകയാണ്.

റാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായി 1929ല്‍ ഇന്‍ഡോറില്‍ ജനിച്ച കുഞ്ഞു ലതയ്ക്ക് സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് അച്ഛന്‍ ദീനനാഥ് തന്നെയായിരുന്നു.

1942 ല്‍ പുറത്തിറങ്ങിയ കിടി ഹസാല്‍ എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ പിന്നണിഗാനരംഗത്തേയ്ക്കുള്ള അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ ഗാനം പുറത്തിറങ്ങിയില്ല. 

അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് ദാരിദ്രത്തിലായ കുടുംബം പോറ്റാനായി സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ ലതാമങ്കേഷ്‌കര്‍ 1942 മുതല്‍ 48 വരെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ് നിര്‍മ്മാതാക്കള്‍ പോലും വേണ്ടെന്നു വെച്ചിട്ടുണ്ട് ലതയുടെ സംഗീതത്തെ.ആ തള്ളി പറച്ചിലുകളില്‍ നിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ ലതാ പിന്നീടങ്ങോട്ട് കൈ വെച്ചതെല്ലാം പൊന്നായി മാറുകയായിരുന്നു.

1969 ല്‍ പത്മഭൂഷണും 1989 ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരവും, 1999 ല്‍ പത്മവിഭൂഷണും, 2001 ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നം തുടങ്ങിയ നിരവധി പുരകാരങ്ങള്‍ നല്‍കി രാജ്യം ലതയെ ആദരിച്ചു. 

കൂടാതെ മികച്ച ഗായികയ്ക്കുള്ള ദേശീയ, സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങളും നിരവധി തവണ ലതാമങ്കേഷ്‌കറിനെ തേടി എത്തിയിട്ടുണ്ട്.

ലക്ഷ്മീകാന്ത് പ്യാരേലാല്‍ കൂട്ടികെട്ടിന് വേണ്ടി 696 ഗാനങ്ങൾ ആലപിച്ചിട്ടുള്ള ലതാജി മുഹമ്മദ് റാഫിയുമായി ചേർന്ന്  440 ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്.

ലതാജിക്കൊപ്പം ഏറ്റവും അധികം ഗാനങ്ങള്‍ ആലപിച്ച ഗയികയാകട്ടെ സഹോദരി ആശാ ഭോസ്​ലെയും. 74 ഗാനങ്ങളാണ് ഇരുവരും ചേർന്ന് അവിസ്മരണീയമാക്കിയത്.
 

Trending News