Leptospirosis: മഴക്കാലത്ത് എലിപ്പനിയ്ക്കുള്ള സാധ്യത വളരെ കൂടുതൽ; കരുതിയിരിക്കണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Leptospirosis In Monsoon: മൺസൂൺ മനുഷ്യന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന സമയങ്ങളിലൊന്നാണ്. കാരണം, ഈ സമയത്ത് ബാക്ടീരിയ, വൈറൽ, ഫംഗസ് രോഗങ്ങൾ എല്ലാം വ്യാപകമാണ്.

Written by - Roniya Baby | Last Updated : Jul 10, 2023, 03:21 PM IST
  • മലിനമായ വെള്ളത്തിലോ മണ്ണിലോ ഉള്ള ലെപ്റ്റോസ്പൈറ ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് എലിപ്പനി
  • മലിനമായ വെള്ളവുമായുള്ള സമ്പർക്കത്തിൽ വരുന്നതാണ് എലിപ്പനി ബാധിക്കുന്നതിന് കാരണമാകുന്നത്
Leptospirosis: മഴക്കാലത്ത് എലിപ്പനിയ്ക്കുള്ള സാധ്യത വളരെ കൂടുതൽ; കരുതിയിരിക്കണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

എലിപ്പനി: കടുത്ത ചൂടുള്ള വേനൽക്കാലത്ത് നിന്ന് മഴയുടെ ആശ്വാസത്തിലേക്ക് മാറുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യം ആയിരിക്കും. എന്നാൽ, പലർക്കും ഇത് രോ​ഗങ്ങളുടെയും കാലമാണ്. മഴക്കാലത്ത് പലതരത്തിലുള്ള പകർച്ചവ്യാധികൾ വ്യാപകമാണ്. മൺസൂൺ മനുഷ്യന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന സമയങ്ങളിലൊന്നാണ്. കാരണം, ഈ സമയത്ത് ബാക്ടീരിയ, വൈറൽ, ഫംഗസ് രോഗങ്ങൾ എല്ലാം വ്യാപകമാണ്. പല പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വർധിച്ച മഴയുടെ ഫലമായി ജലജന്യ അണുബാധകൾ വ്യാപകമാവുകയാണ്.

എന്താണ് എലിപ്പനി?

മലിനമായ വെള്ളത്തിലോ മണ്ണിലോ ഉള്ള ലെപ്റ്റോസ്പൈറ ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് എലിപ്പനി. മലിനമായ വെള്ളവുമായുള്ള സമ്പർക്കത്തിൽ വരുന്നതാണ് എലിപ്പനി ബാധിക്കുന്നതിന് കാരണമാകുന്നത്. മലിനമായ ‌ജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ശരീരത്തിലുള്ള മുറിവിലൂടെയോ അല്ലെങ്കിൽ ശ്വാസം വഴിയോ അണുബാധ മനുഷ്യന്റെ ശരീരത്തിൽ പ്രവേശിക്കുന്നു. എലിപ്പനി ലക്ഷണങ്ങൾ പലപ്പോഴും രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യക്ഷപ്പെടും. എന്നിരുന്നാലും, അവ ചിലപ്പോൾ രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് ഒരു മാസം വരെ എടുക്കാം. ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതിരിക്കുന്നതിനും സാധ്യതയുണ്ട്.

എലിപ്പനിയുടെ ലക്ഷണങ്ങൾ

കഠിനമായ പനി, തലവേദന, പേശി വേദന എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ  ലക്ഷണങ്ങൾ. ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുകയോ ചികിത്സ ലഭ്യമാക്കാതിരിക്കുകയോ ചെയ്താൽ കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുകയോ മെനിഞ്ചൈറ്റിസ്, മസ്തിഷ്ക ജ്വരം എന്നിവയിലേക്ക് നയിക്കുകയോ ചെയ്തേക്കാം.

ALSO READ: Monsoon Infections: മഴ കനക്കുന്നു, രോ​ഗങ്ങളും പരക്കുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

എലിപ്പനി പിടിപെടാനുള്ള സാധ്യത കൂടുതൽ ആർക്ക്?

ശരിയായ സംരക്ഷണ വസ്ത്രങ്ങൾ ധരിക്കാതെ ഇല്ലാതെ, കൃഷി, മീൻപിടിത്തം, കെട്ടിക്കിടക്കുന്ന വെള്ളം വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തെക്ക് - തെക്കുകിഴക്കൻ ഏഷ്യ എന്നിവ പോലുള്ള കനത്ത മൺസൂൺ ലഭിക്കുന്ന പ്രദേശങ്ങളിൽ എല്ലാ വർഷവും എലിപ്പനി അണുബാധയുടെ വർധനവ് ഉണ്ടാകുന്നു.

മൺസൂൺ കാലത്തെ എലിപ്പനി കേസുകളിലെ കുതിച്ചുചാട്ടം ചെറിയ നഗരങ്ങളിലെയും പട്ടണങ്ങളിലെയും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ മറികടക്കാൻ സാധ്യതയുണ്ട്. ഇത് രോഗം കണ്ടുപിടിക്കുന്നതിലും ചികിത്സിക്കുന്നതിലും കാലതാമസത്തിന് ഇടയാക്കും. ഈ കാലതാമസം സങ്കീർണതകൾ വികസിപ്പിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. വൃക്കരോഗം പോലെയുള്ള ദീർഘകാല പ്രത്യാഘാതങ്ങൾക്ക് എലിപ്പനി കാരണമാകാം.

ലെപ്റ്റോസ്പൈറോസിസ് എങ്ങനെ തടയാം?

നേരത്തെയുള്ള രോഗനിർണ്ണയത്തിലൂടെ കൃത്യമായ ചികിത്സകൾ സാധ്യമാകുമെങ്കിലും, ഈ രോഗത്തിന്റെ സാധ്യത ഇല്ലാതാക്കുന്നതിന് കൃത്യമായ പ്രതിരോധം തീർക്കേണ്ടത് പ്രധാനമാണ്. മഴക്കാല രോഗങ്ങളെക്കുറിച്ച് മഴക്കാല പൂർവ ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിക്കേണ്ടത് പ്രധാനമാണ്. എലിപ്പനിയെ പ്രതിരോധിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് നോക്കാം.

1- വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിലൂടെ നടക്കരുത്.
2- വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശത്തിലൂടെ സഞ്ചരിക്കണമെങ്കിൽ, ജലനിരപ്പിന് മുകളിൽ നിൽക്കുന്ന ഉയർന്ന ഗംബൂട്ടുകൾ ധരിക്കണം.
3- മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പർക്കത്തിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് റെയിൻകോട്ടുകളും കയ്യുറകളും ഉപയോഗിക്കുക.
4- ശരീരത്തിൽ മണ്ണോ മലിനമായേക്കാവുന്ന വെള്ളമോ/വസ്തുക്കളോ ഉണ്ടെങ്കിൽ ശരീരം ശുചിയാക്കുക.
5- ശരിയായ മാലിന്യ നിർമാർജനം, ഡ്രെയിനേജ് സംവിധാനങ്ങൾ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക.
6- രണ്ട് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി ഉണ്ടെങ്കിൽ സ്വയം ചികിത്സ പാടില്ല. ഡോക്ടറെ സന്ദർശിച്ച് ചികിത്സ തേടുക.
7- ബോധവൽക്കരണം, ശുചിത്വം പാലിക്കൽ, ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവ കൃത്യമായി പിന്തുടരുക.
8- മാലിന്യം കൃത്യമായി സംസ്കരിക്കാൻ ശ്രദ്ധിക്കണം. മാലിന്യം വലിച്ചെറിയാതിരിക്കുക. ഇത് പലവിധത്തിലുള്ള രോ​ഗങ്ങൾക്ക് കാരണമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News