ശബ്ദങ്ങളില്ലാത്ത ലോകത്തിന്‍റെ ഭാഷയ്ക്കൊരു ദിനം!

 ലോകത്തില്‍ ആദ്യമായി ഇന്ന് ആംഗ്യഭാഷാ ദിനം ആചരിക്കുന്നു. 

Last Updated : Sep 23, 2018, 06:16 PM IST
ശബ്ദങ്ങളില്ലാത്ത ലോകത്തിന്‍റെ ഭാഷയ്ക്കൊരു ദിനം!

കേൾവിശേഷി നഷ്ടപ്പെട്ടവരുടെ ആശയവിനിമയ മാർഗത്തെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തില്‍ ആദ്യമായി ഇന്ന് ആംഗ്യഭാഷാ ദിനം ആചരിക്കുന്നു. ഇതിന് പിന്നാലെ ബധിര വാരാഘോഷവും നടക്കും. 

ശബ്ദങ്ങളുടെ ലോകത്തുള്ളവരിൽ എത്രപേർക്ക് ശബ്ദങ്ങളില്ലാത്ത ലോകത്തിന്‍റെ ഭാഷയറിയാം? ലോകത്താദ്യമായി ഒരു ആംഗ്യഭാഷാ ദിനം ആചരിക്കുമ്പോള്‍ ലോകത്തെ ബധിരരുടെ ആഗോള സംഘടന മുന്നോട്ട് വയ്ക്കുന്ന ചോദ്യവും അതാണ്.

ആംഗ്യഭാഷ എല്ലാവരിലും എത്താത്തത് കൊണ്ട് നിത്യജീവിതത്തിൽ ബുദ്ധിമുട്ടുന്നവരാണ് ലോകത്തെ കോടിക്കണക്കിന് പേർ.സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും മൗനം മാത്രം മിച്ചമാക്കി മടങ്ങേണ്ടി വന്നവര്‍ക്കും  സിനിമാ തീയേറ്ററിൽ ദൃശ്യങ്ങൾ മാത്രം കണ്ടിരിക്കേണ്ടി വന്നവരും ഇന്ന് ആഘോഷിക്കുകയാണ് അവരുടെ ദിനം.

ബധിരർ പൊതു ഇടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ പൊതു അവബോധം ഉണ്ടാക്കുകയെന്നതാണ് ഇങ്ങനെയൊരു ദിനം ആഘോഷിക്കുന്നതിന്‍റെ ലക്ഷ്യം.

ബധിര വാരത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നാളെ കേരളാ ഗവർണർ തിരുവനന്തപുരത്ത് നിഷ് കേന്ദ്രത്തിൽ നടത്തും. വാരവുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിൽ ബോധവത്കരണ പരിപാടികളും നടത്തും.

 

Trending News