മാമ്പഴത്തില്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്

  

Last Updated : Mar 27, 2018, 04:48 PM IST
മാമ്പഴത്തില്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്

പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്‍റെ കാലമാണിപ്പോള്‍. സ്വന്തം പറമ്പിലുണ്ടായ മാമ്പഴം കൂടിയാണെങ്കില്‍ മരുന്നടിച്ചിട്ടുണ്ടെന്ന ഭയവും വേണ്ട. നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവിഭവമായ മാമ്പഴത്തിന് ധാരാളം പോഷകഗുണങ്ങളുണ്ട്. 

മിതമായി അളവിൽ മാമ്പഴം കഴിച്ചാൽ പ്രമേഹം കുറയ്ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന മാങ്കിഫെറിനും, ബയോ ആക്ടീവ് കോംപൌണ്ട്സുമാണ് പ്രമേഹത്തെ തടയുന്നത്.ശരീരഭാരം വര്‍ദ്ധിക്കാതിരിക്കാനും മാമ്പഴം സഹായിക്കും. 

ക്വര്‍സെറ്റിന്‍, ഐസോക്വര്‍സെറ്റിന്‍, അസ്ട്രഗാലിന്‍, ഫിസെറ്റിന്‍, ഗാലിക് ആസിഡ്, മെതിഗാലട്ട് എന്നിങ്ങനെ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന മാമ്പഴം കഴിക്കുന്നത് സ്തനാര്‍ബുദം, ലൂക്കിമിയ, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. 

മാമ്പഴത്തിലടങ്ങിയിരിക്കുന്ന ഫൈബര്‍, പെക്ടിന്‍, വിറ്റമിന്‍ സി എന്നിവയ്ക്ക് കൊളസ്‌ട്രോള്‍ അളവിനെ കുറയ്ക്കാന്‍ സാധിക്കും. നിത്യവും മാമ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. നിത്യവും മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാം.

ഒരു ബൗള്‍ മാമ്പഴത്തില്‍ ശരീരത്തിന് നിത്യവും ആവശ്യമായ 25 ശതമാനം വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ മാമ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം വിറ്റമിന്‍ സി ലഭിക്കുകയും അത് കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും നിശാന്ധതയ്ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു.

മാമ്പഴത്തില്‍ ധാരാളം നാരുകളടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണത്തിനു ശേഷം ഒരു മാമ്പഴം കഴിക്കുന്നത് ദഹനപ്രക്രിയയെ സുഖപ്പെടുത്താന്‍ സഹായകമാകുന്നു. ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദിവസവും ഒന്നോ രണ്ടോ മാമ്പഴം വീതം കഴിക്കുന്നത് വിളര്‍ച്ച തടയാന്‍ നല്ലതാണ്. 

Trending News