സമാധാനമായിരിക്കൂ ജോലിസ്ഥലത്തും

Last Updated : Oct 10, 2017, 07:15 PM IST
സമാധാനമായിരിക്കൂ ജോലിസ്ഥലത്തും

ഇന്ന് ഒക്ടോബര്‍ 10. ലോക മാനസികാരോഗ്യ ദിനം. ലോകത്തിലെ ഏറ്റവും പിടികിട്ടാത്ത ഒന്നാണ് മനസ്സ്. എപ്പോള്‍ വേണമെങ്കിലും അത് കയ്യില്‍ നിന്ന് വഴുതിപ്പോവാം. നിയന്ത്രണത്തില്‍ പെടുത്തണമെങ്കില്‍ ഇത്രയും പാടുള്ള ഒന്നു വേറെയില്ല തന്നെ.

മാറിവരുന്ന തൊഴില്‍സാഹചര്യങ്ങളോടൊപ്പം ജോലിസ്ഥലത്തെ മാനസികപിരിമുറുക്കവും വര്‍ദ്ധിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തൊണ്ട വരളുക, തലവേദന, ദഹനക്കേട്, ഉറക്കമില്ലായ്മ, പേശികള്‍ വലിഞ്ഞുമുറുകുക, രക്തസമ്മര്‍ദം കൂടുക തുടങ്ങിയ ശാരീരിക പ്രതികരണങ്ങള്‍, അസ്വസ്ഥത, പെട്ടെന്നുള്ള ദേഷ്യം, തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരിക, പുകവലി, മദ്യപാനം എന്നിവ കൂടുകയോ പുതുതായി രൂപപ്പെടുകയോ ചെയ്യുക എന്നിവയെല്ലാം ജോലിസ്ഥലത്തെ മാനസിക പിരിമുറുക്കത്തിന്‍റെ ലക്ഷണങ്ങളാണ്.

ജോലിസ്ഥലത്തെ ടെന്‍ഷന്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കുന്ന ഒന്നല്ല. എന്നാല്‍ ചില കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ജോലി കൂടുതല്‍ ആസ്വദിക്കാനാവും. എന്ന് മാത്രമല്ല, മനപ്രയാസവും ഒഴിവാക്കാം. ഇതിനായുള്ള ചെറിയ ചില കാര്യങ്ങള്‍ നോക്കാം.

1. ഓഫീസ് വ്യായാമങ്ങള്‍ പരിശീലിക്കാം
കണ്ണുകളടച്ച് ഒന്നു മുതല്‍ മൂന്നുവരെ എണ്ണി ശ്വാസം ഉള്ളിലേക്കെടുക്കുക. ആറുവരെ എണ്ണി ശ്വാസം പുറത്തുവിടുക. ഇത് നല്ലൊരു വ്യായാമമാണ്. ടന്നുകൊണ്ടുള്ള മെഡിറ്റേഷന്‍ ചെയ്യുക. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ എത്ര കാലടി വെച്ചു എന്ന് എണ്ണുക. നിശ്വസിക്കുമ്പോഴും ഇതു ചെയ്യുക. നിശ്വാസത്തിന്റെ ദൈര്‍ഘ്യം ഒരു മിനിറ്റ് വരെ നീട്ടാം. ഒറ്റയിരുപ്പിനു ജോലി തീര്‍ക്കുന്നതിനു പകരം ഇടയ്ക്കിടയ്ക്കു 10-15 മിനിറ്റ് വിശ്രമിക്കുക. ഈ സമയങ്ങളില്‍ റിലാക്സേഷന്‍ ടെക്നിക്കുകള്‍ ചെയ്യാം. ചെറിയ നടപ്പാകാം, കസേരയില്‍ ഇരുന്നു കൈയിലെയും കാലിലെയും പേശികള്‍ മുറുക്കിയും അയച്ചുമുള്ള വ്യായാമം ചെയ്യാം.

2. കഴിവിന്‍റെ പരമാവധി ജോലിയില്‍ ഉപയോഗിക്കുമെന്ന് രാവിലെ എന്നും ഉറപ്പിക്കുക. അതില്‍ കൂടുതല്‍ ഉള്ള കാര്യങ്ങള്‍ ഓര്‍ത്ത് ടെന്‍ഷനടിക്കരുത്.
 
3. ടെന്‍ഷനുണ്ടാക്കുന്ന സാഹചര്യങ്ങളോടും വ്യക്തികളോടും വൈകാരികമായി പ്രതികരിക്കാതിരിക്കുക. മനസ് ഒരു മിനിറ്റ് ടെന്‍ഷന്‍ഫ്രീ ആക്കിയ ശേഷം മാത്രം മറുപടി നല്‍കുക.

4. ജോലി സമയം തുടങ്ങുന്നതിനു പത്തോ പതിനഞ്ചോ മിനിറ്റ് മുമ്പ് ഓഫിസില്‍ എത്തുക. ഫ്രഷ് ആവാനും ചെയ്യേണ്ട ജോലികള്‍ ലിസ്റ്റ് ചെയ്യാനും സമയം കിട്ടും.

5. ഭക്ഷണക്കാര്യത്തിലും ഉറക്കത്തിലും അലംഭാവം കാണിക്കാതിരിക്കുക. ഉറക്കവും കളയരുത്. ഒരു കുപ്പി വെള്ളം ടേബിളില്‍ വയ്ക്കുക. ടേബിളില്‍ എപ്പോഴും ഒരു കുപ്പി വെള്ളം വെയ്ക്കണം. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് ടെന്‍ഷന്‍ കുറയ്ക്കും. ഉറക്കം കുറഞ്ഞാല്‍ ടെന്‍ഷന്‍ നിയന്ത്രിക്കാനാവില്ല. അതുകൊണ്ട് നിര്‍ബന്ധമായും ആറു മണിക്കൂറെങ്കിലും ഉറങ്ങുക. കാപ്പി, പഞ്ചസാര, മദ്യം തുടങ്ങിയവ ടെന്‍ഷന്‍ കൂട്ടും. ഇവ കുറയ്ക്കുക.

6. മാസങ്ങളോളം തുടര്‍ച്ചയായി ജോലിത്തിരക്കില്‍ മുഴുകുന്നതിനുപകരം ഇടയ്ക്കു യാത്രകള്‍ പോകാം. ഇതു മനസും ശരീരവും റീചാര്‍ജ് ചെയ്യും.

Trending News