ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരന്‍ ബ്രിട്ടീഷ് പൗരൻ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹിയിലെത്തിച്ചു. ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് അനുമതി നല്‍കി ദുബായ് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഇയാളെ ഇന്നലെ അര്‍ദ്ധരാത്രിയോടെ ഡല്‍ഹിയിലെത്തിച്ചത്.
ക്രിസ്റ്റ്യന്‍ മിഷേലിനെ വിട്ടുനല്‍കുന്നതു സംബന്ധിച്ചു കഴിഞ്ഞ 19ന് ദുബായ് ഉന്നത കോടതി ഇതു സംബന്ധിച്ച കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ യുഎഇ സന്ദര്‍ശനത്തിന് ഇടയിലാണ് യുഎഇ മന്ത്രാലയ ഉത്തരവ് എന്നതു ശ്രദ്ധേയമാണ്. ബുധനാഴ്ച പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും. മിഷേലിനെതിരേ കോടതി നേരത്തേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ചോദ്യംചെയ്യാനായി ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് കേസ് അന്വേഷിക്കുന്ന സി.ബി.ഐ. കോടതിയിൽ ആവശ്യപ്പെടും.
ദുബായില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ജയിലിലായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിനു പകരം വിദേശകാര്യ മന്ത്രാലയമാണു കൈമാറ്റ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും അതിനാല്‍ അനുവദിക്കരുതെന്നും മിഷേലിന്‍റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
മാത്രമല്ല ഇന്ത്യൻ ജയിലുകളിലെ മോശമായ അവസ്ഥ തന്നെ ഭയപ്പെടുത്തുന്നുവെന്നുകാട്ടി കൈമാറ്റം തടയാൻ മിഷേൽ ശ്രമം നടത്തിയിരുന്നു. ഇന്ത്യയിൽ മനുഷ്യത്വരഹിതമായ പീഡനങ്ങൾക്ക് തന്നെ വിധേയമാക്കുമെന്ന്‍ ഭയമുണ്ടെന്നും മിഷേല്‍ അറിയിച്ചെങ്കിലും ദുബായ് കോടതി ചെവികൊണ്ടില്ല. മിഷേൽ സമർപ്പിച്ച ഹർജി തള്ളിയതിനുപിന്നാലെ ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഉത്തരവിനായി ഇന്ത്യ കാത്തിരിക്കുകയായിരുന്നു.
2017 സെപ്റ്റംബറിലാണ് വ്യോമസേനാ മുൻമേധാവി എസ്‍.പി. ത്യാഗിയും റിട്ട. എയർമാർഷൽ ജെ.എസ്. ഗുജ്റാളും അടക്കമുള്ളവർ പ്രതിയായ അഴിമതിക്കേസിൽ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തിലുൾപ്പെട്ട വിദേശരാജ്യങ്ങളിൽനിന്നുള്ള മൂന്ന് ഇടനിലക്കാരിൽ ഒരാളാണ് മിഷേൽ. ഗുയ്ഡോ ഹസ്ച്കേ, കാർലോ ജെറോസാ എന്നിവരാണ് മറ്റുരണ്ടുപേർ.
2010 ഫെബ്രുവരി എട്ടിന് ഒപ്പുവെച്ച കരാറിൽ ഇന്ത്യൻ സർക്കാരിന് ഏകദേശം 2666 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് സി.ബി.ഐ. ആരോപിക്കുന്നത്. ത്യാഗി വ്യോമസേനാ മേധാവിയായിരിക്കെ അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ വാങ്ങാൻ മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയെന്നാണ് ആരോപണം. ഇതിനായി 300 കോടി രൂപ ത്യാഗി കോഴ വാങ്ങിയെന്നും കുറ്റപ്പത്രത്തിൽ പറയുന്നു.
6000 മീറ്റർ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ഹെലികോപ്റ്ററുകൾ വേണമെന്ന ആദ്യ നിബന്ധന മാറ്റി 4500 മീറ്ററായി ചുരുക്കിയത് ത്യാഗിയുടെ നിർദേശപ്രകാരമാണ്. ഈ ഇളവ് കൊണ്ടുവന്നില്ലായിരുന്നെങ്കിൽ അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇന്ത്യയുമായി കരാറിലേർപ്പെടാൻ യോഗ്യത നേടില്ലായിരുന്നെന്നാണ് സി.ബി.ഐ.യുടെ ആരോപണം.