താമര വാടുന്നു: ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍ തിരിച്ചടി നേരിട്ട് ബിജെപി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ദേശീയ നേതൃത്വത്തേയും ഞെട്ടിച്ച്‌ രണ്ട് ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. 

Last Updated : Mar 14, 2018, 05:57 PM IST
താമര വാടുന്നു: ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍ തിരിച്ചടി നേരിട്ട് ബിജെപി

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ദേശീയ നേതൃത്വത്തേയും ഞെട്ടിച്ച്‌ രണ്ട് ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. 

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നരേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ ജയിച്ചു. 59613 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എസ്പിയുടെ നരേന്ദ്ര പ്രതാപ് സിംഗ് ജയിച്ചത്‌. രണ്ടിടത്തും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമായി.

2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ്‌ മൂന്ന്‍ ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. യോഗി അഞ്ചു തവണ ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ചിട്ടുണ്ട്. എന്നാല്‍ ഇരുപത്തിയഞ്ച് റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 22954 വോട്ടിന്‍റെ ലീഡാണ് എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദിനുള്ളത്.

അതേസമയം തോൽവി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. അമിത ആത്മവിശ്വാസം തിരിച്ചടിയായെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരിലും ഫുല്‍പൂരിലും വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ക്കേ ബിജെപി സ്ഥാനാര്‍ഥികള്‍ പിന്നിലായിരുന്നു. 

ബീഹാറിലെ ജെഹനാബാദ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണ മോഹന്‍ വിജയിച്ചു. ബീഹാറിലെ ബബുവ മണ്ഡലത്തില്‍ മാത്രമാണ് ബിജെപിയ്ക്ക് ആശ്വാസ ജയം നല്‍കിയത്. സിറ്റിംഗ് സ്ഥാനാര്‍ഥിയായ റിങ്കി റാണി ജയിച്ചു.

Trending News